Top

പ്രതിഷേധങ്ങള്‍ക്കെതിരായ സേനാ നീക്കം; എഴ് മാസത്തിനിടെ മ്യാന്‍മാറില്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം പേര്‍

റോഹിങ്ക്യന്‍ മുസ്ലീം വിഭാഗത്തിന് എതിരെ നടന്ന ക്രൂരമായ അടിച്ചമര്‍ത്തലിനെതിരെ സൈന്യം വംശഹത്യയ്ക്ക് അന്വേഷണം നേരിടുന്നതിനിടെയാണ് വീണ്ടും ആരോപണം ഉയരുന്നത്

19 Aug 2021 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിഷേധങ്ങള്‍ക്കെതിരായ സേനാ നീക്കം; എഴ് മാസത്തിനിടെ മ്യാന്‍മാറില്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം പേര്‍
X

ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിക്ക് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ മ്യാന്‍മാറില്‍ ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലധികം പൗരന്‍മാരെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് (എഎപിപി)യാണ് കണക്കുകള്‍ പുറത്ത് വിട്ടത്. രാജ്യത്തെ സുരക്ഷാ സേന വകവരുത്തിയവരുടെ മാത്രം എണ്ണം ആയിരം കവിയുമെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. 2017 ല്‍ മ്യാന്‍മാറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലീം വിഭാഗത്തിന് എതിരെ നടന്ന ക്രൂരമായ അടിച്ചമര്‍ത്തലിനെതിരെ സൈന്യം വംശഹത്യയ്ക്ക് അന്വേഷണം നേരിടുന്നതിനിടെയാണ് വീണ്ടും ഇതിന് സമാനമായ ആരോപണം ഉയരുന്നത്.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിച്ചായിരുന്നു സൈന്യം മ്യാന്‍മാറില്‍ അധികാരം പിടിച്ചത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി വലിയ തോതിലുള്ള പ്രക്ഷോഭങ്ങളും അരങ്ങേറി. ഇത്തരം പ്രതിഷേധങ്ങളോടുള്ള സേനയുടെ പ്രതികരണത്തില്‍ ഇതുവരെ 1006 പേര്‍ കൊല്ലപ്പെട്ടു എന്നാണ് എഎപിപിയുടെ കണക്കുകള്‍ പറയുന്നത്.

എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ മ്യാന്‍മാര്‍ സൈനിക വൃത്തങ്ങള്‍ തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എഎപിപി കണക്കുകള്‍ അതിഭാവുകത്വം നിറഞ്ഞതാണെന്ന നിലപാട് ആണ് നേരത്തെ മുതല്‍ അധികൃതര്‍ സ്വീകരിച്ച വന്നിരുന്നത്. ഇക്കാലയളവില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതൊന്നും എഎപിപി കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

സൈനിക അട്ടിമറിയ്ക്ക് ശേഷം പ്രക്ഷുബ്ധമാണ് മ്യാന്‍മാര്‍. ദിനം പ്രതി പ്രതിഷേധങ്ങള്‍ അരങ്ങേരുന്ന നിലയാണുള്ളത്. പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും സമ്പദ്‌വ്യവസ്ഥയെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതോടൊപ്പം കൊറോണ വൈറസ് കേസുകളില്‍ വലിയ കുതിച്ചുചാട്ടത്തിനും രാജ്യം ഇരയായിക്കൊണ്ടിരിക്കുകയാണ്.

മ്യാന്‍മാറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേടിയ വലിയ വിജയത്തിന് പിന്നില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചായിരുന്നു അട്ടിമറിയിലൂടെ സൈന്യം ഭരണം പിടിച്ചത്. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാണെന്നും അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനും അന്താരാഷ്ട്ര നിരീക്ഷകരുമുള്‍പ്പെടെ സ്വീകരിച്ച നിലപാട്.

Next Story