Top

എണ്ണ കപ്പല്‍ ആക്രമണം; ഇറാന് തിരിച്ചടി വരുന്നുണ്ടെന്ന് ഇസ്രായേല്‍; ഒപ്പം യുകെയും യുഎസും

ഇറാന്‍ വലിയ തെറ്റാണ് ചെയ്തതെന്നും പ്രത്യാക്രമണം വരുന്നുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു

2 Aug 2021 5:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എണ്ണ കപ്പല്‍ ആക്രമണം; ഇറാന് തിരിച്ചടി വരുന്നുണ്ടെന്ന് ഇസ്രായേല്‍; ഒപ്പം യുകെയും യുഎസും
X

ഒമാന്‍ തീരത്ത് ഇസ്രായേല്‍ കമ്പനിയുടെ കീഴിലുള്ള എണ്ണക്കപ്പല്‍ ആക്രമണത്തില്‍ ഇറാന് തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍. ഇറാന്‍ വലിയ തെറ്റാണ് ചെയ്തതെന്നും പ്രത്യാക്രമണം വരുന്നുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഒരു ബ്രിട്ടീഷ് പൗരനും ഒരു റൊമേനിയന്‍ പൗരനും എണ്ണക്കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളല്ലെന്നാണ് ഇറാന്‍ പറയുന്നത്. ഇസ്രായേലിന്റെ സ്ഥിരം ആരോപണമാണിതെന്നും ഇത് പുതിയ കാര്യമല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

സംഭവത്തില്‍ ഇറാനെതിരെ വിമര്‍ശനവുമായി അമേരിക്കയും യുകെയും രംഗത്തെത്തിയിട്ടുണ്ട്. എണ്ണക്കപ്പല്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണും ഇതേ ആരോപണം ഉന്നയിച്ചു. ഇറാന്‍ ആണ് ആക്രമണത്തിനു പിന്നിലെന്ന് തങ്ങള്‍ വിശ്വസിക്കുന്നെന്നും ഇതിന് ഇറാന് കൃത്യമായ മറുപടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എംവി മെര്‍സര്‍ സട്രീറ്റ് എന്ന എണ്ണക്കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇറാനും ഇസ്രായേലും തമ്മില്‍ മേഖലയില്‍ നിരന്തരമായ സംഘട്ടനങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നിലവിലെ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ വിവാദമാവുകയാണ്.

Next Story