താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ; ഇന്ത്യക്കാരുടെ തിരിച്ചു വരവ് ഉറപ്പാക്കണമെന്ന് ആവശ്യം
അഫ്ഗാനിലുള്ള ന്യൂനപക്ഷമായ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ താല്പര്യമുണ്ടെങ്കില് അതിന് അനുമതി നല്‍കണമെന്നും ആവശ്യം
31 Aug 2021 1:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഫ്ഗാന് പ്രതിസന്ധിക്കിടെ താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറാണ് താലിബനുമായി ചര്‍ച്ച നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേര്‍ മുഹമ്മദ് അബ്ബാസുമായി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. അഫ്ഗാനില്‍ നിന്നും ഇനിയും മടങ്ങി വരവ് സാധ്യമാകാത്ത ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, അവരെ എത്രയും വേഗം അവരെ തിരികെ എത്തിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
താലിബാന് അഫ്ഗാന് പിടിച്ചെടുത്ത ശേഷം താലിബാന്റെ ആവശ്യപ്രകാരം ഇന്ത്യ നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു നടന്നത്. നിലവില്‍ ഇരുപതോളം ഇന്ത്യക്കാര്‍ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഇന്ത്യയുടെ നിഗമനം. ഇവരുടെ മടങ്ങിവരവ് ഉറപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യ ആവശ്യം ഉന്നയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിലുള്ള ന്യൂനപക്ഷമായ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ താല്പര്യമുണ്ടെങ്കില് അതിന് അനുമതി നല്‍കണമെന്നും ആവശ്യവും ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിച്ചു. അഫ്ഗാന് മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകരുതെന്ന കര്‍ശന ഇന്ത്യ മുന്നോട്ടുവെച്ചു. ഇതെല്ലാം അനുകൂലമായി പരിഗണിക്കുമെന്ന് താലിബാന് പ്രതിനിധി വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.