Top

'അത് നാല് ദിവസം മുമ്പല്ലെ'; വിമാനത്തിന്റെ ടയറില്‍ നിന്ന് മനുഷ്യര്‍ വീണ് മരിച്ച സംഭവത്തില്‍ നിസാര ഭാവത്തോടെ ബൈഡന്‍

യുഎസ് സൈന്യം പിന്‍വാങ്ങിയതിന് 11 ദിവസത്തിനകം തന്നെ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ താഴെ വീണിരുന്നു.

19 Aug 2021 11:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത് നാല് ദിവസം മുമ്പല്ലെ; വിമാനത്തിന്റെ ടയറില്‍ നിന്ന് മനുഷ്യര്‍ വീണ് മരിച്ച സംഭവത്തില്‍ നിസാര ഭാവത്തോടെ ബൈഡന്‍
X

വീണ്ടും വിവാദത്തിലായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കാബുളില്‍ വിമാനത്തില്‍ നിന്നും വീണു മരിച്ചവരെ പറ്റി ചോദിച്ചപ്പോള്‍ അത് നാല് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നില്ലേ? എന്ന ബൈഡന്റ് മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നേരത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെ പിന്തുണച്ച് രംഗത്തെത്തിയ ബൈഡന്റെ നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ബുധനാഴ്ച്ച ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ബൈഡനോട് കാബൂളില്‍ വിമാനത്തില്‍ നിന്നും ആളുകള്‍ വീണ് മരിച്ച സംഭവത്തെ കുറിച്ച് ചോദ്യമുയര്‍ന്നത്. അതിന് മറുപടായായി അമേരിക്കന്‍ പ്രസിഡന്റിന്റെ മറുപടി 'അത് നാല്, അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്നതല്ലേ?', എന്നായിരുന്നു. മാത്രമല്ല, അഫ്ഗാനില്‍ നിന്നും സൈന്യം പിന്‍മാറുമ്പോള്‍ കുഴപ്പങ്ങളുണ്ടാകുന്നത് ഒഴിവാക്കാനാകില്ലെന്നാണു ബൈഡന്‍ പറഞ്ഞു. യുഎസ് സൈന്യം പിന്‍വാങ്ങിയതിന് 11 ദിവസത്തിനകം തന്നെ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ താഴെ വീണിരുന്നു.

അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബൈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അഫ്ഗാന്‍ വിഷയത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ബൈഡന്റെ പ്രതികരണം. അതേസമയം അഫ്ഗാന്റെ കീഴടങ്ങല്‍ വിചാരിച്ചതിലും നേരത്തെയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ബൈഡന്റെ പ്രതികരണം നാണക്കേടാണെന്ന് യുഎന്‍ മുന്‍ അംബാസഡര്‍ നിക്കി ഹേലി ആരോപിച്ചു. അഫ്ഗാനിസ്ഥാനിലുള്ള ആയിരക്കണക്കിന് അമേരിക്കക്കാരുടെ മുഖത്തേക്കുള്ള അടിയാണിതെന്നും അവര്‍ പറഞ്ഞു. ബൈഡന് ആസൂത്രണമില്ല, അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ഹേലി കുറ്റപ്പെടുത്തി. യുഎസ് പ്രസിഡന്റിന്റെ നാണം കെട്ട പ്രകടനമാണിതെന്ന് സെനറ്ററായ ലിസ് ചെനെയും ആരോപണം ഉയര്‍ത്തി. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടന്‍, ട്രംപിന്റെ കൗണ്‍സിലര്‍ ആയിരുന്ന കെലിയന്‍ കോണ്‍വേ തുടങ്ങിയവരും ബൈഡനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Next Story