അഫ്ഗാന്: അടിയന്തര സാഹചര്യം നേരിടാന്‍ വ്യോമസേനയെ ഒരുക്കി നിര്‍ത്തി ഇന്ത്യ; ഒഴിപ്പിക്കലിന് യുഎസ് സഹായം തേടി
17 Aug 2021 2:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

താലിബാന് അധികാരം പിടിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഉള്‍പ്പെടെ ഒഴിപ്പിക്കുന്നതിന് ഇന്ത്യ യുഎസ് സഹായം തേടിയതായി റിപ്പോര്‍ട്ട്. താലിബാനെയും ബന്ധപ്പെടാനും ഇന്ത്യന്‍ എംബസി ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടിയന്തര സാഹതര്യങ്ങളെ നേരിടാന്‍ വ്യോമസേനയെയും ഇന്ത്യ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
ഇരുന്നൂറോളം പേരെയാണ് അഫ്ഗാനിന് നിന്നും ഇന്ത്യയ്ക്ക് ഒഴിപ്പിക്കാനുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ രണ്ട് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ കാബൂളിലെത്തിയിട്ടുണ്ട്. നിലവില്‍ കാബുള്‍ വിമാനത്താവളത്തിലുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെട്ട ശേഷം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങാനാണ് പദ്ധതിയെന്നാണ് സൂചന. സ്ഥിതിഗതികള്‍ ഇന്ത്യ വീക്ഷിച്ച് വരികയാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നലെ അടിയന്തിര യോഗം ഉള്‍പ്പെടെ ചേരുകയും ചെയ്തിരുന്നു.
കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വീണ്ടും യുഎസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഈ സാഹചര്യം ഉണ്ടായാല്‍ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാന്‍ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ഏതൊരു അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാനും വ്യോമ സേനയ്ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. റഷ്യയുടെ ഉള്‍പ്പെടെ ഇടപെടലിന് വേണ്ടിയാണ് ഇന്ത്യ ശ്രമിക്കുന്നത്. അതേസമയം, എംബസിയില്‍ നിന്നും പുറത്തിറങ്ങരുത് എന്നാണ് താലിബാന് വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 200ല്‍ അധികം പേരാണ് അഫ്ഗാന് എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. കാബുളിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചൂറോളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നണ് വിലയിരുത്തല്‍.