താലിബാനെതിരെ പ്രാദേശിക സംഘങ്ങള്‍ക്ക് ആയുധം; പ്രതിരോധത്തിന് മൂന്നിന പദ്ധതികളുമായി അഫ്ഗാന് സര്‍ക്കാര്‍
അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂള്‍ ഉടന്‍ തന്നെ താലിബാന് പിടിച്ചടക്കുമെന്ന് സൂചനകള്‍
12 Aug 2021 7:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുഎസ്എയുടെ നേതൃത്വത്തിലുള്ള വിദേശ സൈന്യം അഫ്ഗാനിസ്ഥാന് വിട്ടതിന് പിന്നാലെ സുപ്രധാന കേന്ദ്രങ്ങള്‍ പിടിച്ചടക്കി മുന്നേറുന്ന താലിബാന് പ്രവര്‍ത്തകരെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ വഴികളും പരീക്ഷിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. താലിബാനെ പ്രതിരോധിക്കാന്‍ മൂന്നിന പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത് എന്ന് അഫ്ഗാനിസ്ഥാന് ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്സാഖ്വാള് പ്രതികരിച്ചു.
രാജ്യത്തെ സുപ്രധാന പാതകള്‍, മുന്‍നിര പട്ടണങ്ങള്‍, അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളിലെ സ്വാധീനം തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ സേന സുരക്ഷിതമാക്കാന്‍ ശ്രമിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി പുതിയ 13,000ത്തിലധികം പേരെ പൊലീസിന്റെ ഭാഗമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ സേനയ്ക്കുണ്ടാവുന്ന തിരിച്ചടികള്‍ തടയുക എന്നതാണ് ഇതിലെ അദ്യ പരിഗണന. രണ്ടാമതായി നഗരങ്ങള്‍ താലിബാന് പിടിച്ചടക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കുക. ഇതിനായി സേനയെ ഏകോപിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനായി നിലവില്‍ സൈന്യത്തിന് ഉപേക്ഷിച്ച് പോരേണ്ടിവന്ന മേഖലകളിലേക്ക് അവരെ തിരികെ എത്തിക്കേണ്ടതുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ശേഷം മാത്രമായിരിക്കും ആക്രമണം ഉള്‍പ്പെടെ തിരിച്ചടിയിലേക്ക് കടക്കുക എന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ പുരോഗമിക്കുന്നത് രണ്ടാം ഘട്ടമാണ്. ഇതിന് പിന്നാലെയാണ് പ്രാദേശിക തലത്തില്‍ ജനങ്ങളെ സായുധീകരിക്കും എന്ന് അദ്ദേഹം സൂചന നല്‍കിയത്. താലിബാനെതിരെ പോരാടുന്നതിന് പ്രാദേശിക തലത്തില്‍ തന്നെ ആളുകളെ റിക്രൂട്ട് ചെയ്യാനും അവര്‍ക്ക് സായുധ സഹായം ചെയ്യാനും നീക്കം നടത്തുകയാണ്. പ്രാദേശിക നേതാക്കള്‍ക്ക് സര്‍ക്കാര്‍ പ്രതിരോധിക്കാനുള്ള അധികാരം കൈമാറുമെന്നും മിര്സഖ്വാള് പറഞ്ഞു. ജനങ്ങള്‍ അഫ്ഗാനിലെ പ്രസിഡന്റിനും സര്‍ക്കാരിനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സേനയ്ക്കൊപ്പം താലിബാനെതിരെ അവര്‍ പോരാടും. പിന്നീട് ഇവര്‍ അഫ്ഗാന് ദേശീയ സുരക്ഷാ സേനയില്‍ ലയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരാന്‍ ഇടയായേക്കാവുന്ന നീക്കമാണ് ഇത്തരത്തില്‍ അഫ്ഗാന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
അതിനിടെ, അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂള്‍ ഉടന്‍ തന്നെ താലിബാന് പിടിച്ചടക്കുമെന്ന് സൂചനകള്‍ ശക്തമാണ്. 30 ദിവസത്തിനുള്ളില്‍ കാബൂളിനെ താലിബാന് സേനകള്‍ വളഞ്ഞ് ഒറ്റപ്പെടുത്തുകയും 90 ദിവസത്തിനുള്ളില്‍ തലസ്ഥാന നഗരത്തിന്റെ അധികാരം പിടിച്ചടുക്കുമെന്നുമാണ് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്കുന്ന സൂചന. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താലിബാന്റെ പഴയ താവളമായിരുന്ന കാണ്ഡഹാറില്‍ കനത്ത സംഘര്‍ഷമാണ് അരങ്ങേറുന്നത്. കാബൂളിലേക്കുള്ള കവാടമായാണ് കാണ്ഡഹാറിനെ കണക്കാക്കുന്നത്.
ഇതിനകം തന്നെ രാജ്യത്ത് എട്ട് പ്രവിശ്യകളുടെ തലസ്ഥാനം താലിബാന് കൈക്കലാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങളുടെ കണക്കുകള്‍ തെറ്റിച്ചാണ് അതിവേഗത്തില്‍ താലിബാന്റെ പിടച്ചടക്കലുകള്. നേരത്തെ ആറു മാസത്തിനുള്ളില്‍ താലിബാന് അഫ്ഗാന് സര്‍ക്കാരിനെ അട്ടിമറിക്കുമെന്നായിരുന്നു നേരത്തെ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. എന്നാല്‍ തലസ്ഥാനം ഉള്‍പ്പെടെ കൈക്കലാക്കുന്നതോടെ ഇതിലും വേഗത്തില്‍ സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത്രയും വേഗത്തിലുള്ള താലിബാന് വ്യാപനം അഫ്ഗാന് സര്‍ക്കാരോ യുഎസോ മുന്നില്‍ കണ്ടിരുന്നില്ല.
എന്നാല്‍ താലിബാന് ശക്തിപ്രാപിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച നടപടില്‍ ഖേദമില്ലെന്നാണ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസവും പറഞ്ഞത്. താലിബാന് അംഗങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അഫ്ഗാന് സൈനികരുടെ എണ്ണമെന്നാണ് ബൈഡന് പറയുന്നത്. എന്നാല്‍ നിലവില്‍ അഫ്ഗാനിസ്താന്റെ 65 ശതമാനം മേഖലയും താലിബാന് നിയന്ത്രണത്തിലാണ്. താലിബാന് വരവ് മുന്നില്‍ കണ്ട് കാബൂളിലുള്ള വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ അതാത് രാജ്യങ്ങള്‍ തിരിച്ചു വിളിക്കുന്നുണ്ട്.