Top

യുക്രെയ്‌നിലെ ട്രെയിനില്‍ കയറ്റാതെ മാറ്റി നിര്‍ത്തി; കേരളത്തിന്റെ ഇടപെടലില്‍ മൂന്ന് ബോഗികള്‍; വേണു രാജാമണിക്ക് നന്ദി പറഞ്ഞ് വിദ്യാര്‍ത്ഥികള്‍

ഇന്ത്യന്‍ എംബസി അധികൃതരെയടക്കം നൂറ് കണക്കിന് പേരെ നിരന്തരം ഫോണില്‍ വിളിച്ചിട്ടും സഹായം ലഭ്യമായില്ല.

7 March 2022 6:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രെയ്‌നിലെ ട്രെയിനില്‍ കയറ്റാതെ മാറ്റി നിര്‍ത്തി; കേരളത്തിന്റെ ഇടപെടലില്‍ മൂന്ന് ബോഗികള്‍; വേണു രാജാമണിക്ക് നന്ദി പറഞ്ഞ് വിദ്യാര്‍ത്ഥികള്‍
X

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണുരാജാമണിക്ക് നന്ദി പറഞ്ഞ് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഫെബ്രുവരി 28ന് നഗരം വിടാന്‍ ശ്രമിച്ച കീവ് ബൊഗോമോലെക്‌സ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ട്രെയിനില്‍ കയറ്റാതെ മാറ്റി നിര്‍ത്തിയിരുന്നു. യുക്രെയ്‌നിയന്‍ അധികൃതര്‍ മുഖം തിരിച്ചതോടെ ട്രെയിനില്‍ കയറാനാകാതെ 250ഓളം വിദ്യാര്‍ത്ഥികള്‍ അങ്കലാപ്പിലായി. ഇന്ത്യന്‍ എംബസി അധികൃതരെയടക്കം നൂറ് കണക്കിന് പേരെ നിരന്തരം ഫോണില്‍ വിളിച്ചിട്ടും സഹായം ലഭ്യമായില്ല.

രണ്ട് മണിക്കൂര്‍ ഇടവിട്ട് കീവിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റൊമാനിയ അതിര്‍ത്തിയിലേക്ക് ട്രെയിനുണ്ടെന്ന നിര്‍ദ്ദേശം ലഭിച്ചെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തഴയപ്പെടുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെയ്ന്‍ അധികൃതര്‍ ട്രെയിനില്‍ കയറ്റാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എംബസി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കോള്‍ എടുക്കാന്‍ പോലും ആരും തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയെ ബന്ധപ്പെട്ടു.

വിവരമറിഞ്ഞയുടന്‍ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനും നെതര്‍ലന്റിലെ അംബാസഡറുമായിരുന്ന വേണു രാജാമണി ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ടു. എംബസിയുമായി സംസാരിച്ചതിനേത്തുടര്‍ന്ന് ട്രെയിനിലെ മൂന്ന് ബോഗികള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിച്ചുനല്‍കാന്‍ ധാരണയായി. 14 മണിക്കൂര്‍ യാത്ര ചെയ്ത് വിദ്യാര്‍ത്ഥികള്‍ റൊമാനിയന്‍ അതിര്‍ത്തിയിലെത്തി. തുടര്‍ന്ന് ബസില്‍ കയറി സ്ലൊവാക്യയിലെത്തി. ഞായറാഴ്ച്ച ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് കേരളത്തില്‍ എത്തിച്ചത്.

2021 സെപ്റ്റംബര്‍ 17നാണ് കേരള സര്‍ക്കാര്‍ വേണു രാജാമണിയെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) വിദേശകാര്യ സഹകരണം എന്ന തസ്തികയില്‍ ചീഫ് സെക്രട്ടറി റാങ്കോടെ താല്‍കാലികമായി നിയമിച്ചത്. മലയാളി പ്രവാസികളുടെ പ്രശ്‌ന പരിഹാരം, കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം ഏകോപിക്കല്‍, വിദേശ രാജ്യങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ബന്ധങ്ങളുടെ ഏകോപനം എന്നിവയാണ് ചുമതല.

Highlights: Venu Rajamony's intervention helps stranded Indian students to leave Ukraine

Next Story