Top

'മലയാളികളില്‍ നിന്ന് പലതും പഠിക്കാൻ ആഗ്രഹമുണ്ട്'; ദ്വിദിന സന്ദർശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍

ഇന്ന് രാവിലെ 8.15 ഓടെയാണ് രാഹുല്‍ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

29 Sep 2021 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളികളില്‍ നിന്ന് പലതും പഠിക്കാൻ ആഗ്രഹമുണ്ട്; ദ്വിദിന സന്ദർശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍
X

ഇന്ത്യയിലെ ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദത്തിന്റെ പാലം വിദ്വേഷം ഉപയോഗിച്ച് തകർക്കാനാണ് ബിജെപി സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഇന്ത്യയെന്നാല്‍ കേവലം ഒരു പ്രദേശമല്ലെന്നും രാജ്യത്തെ ജനങ്ങളും അവർ തമ്മിലെ ഊഷ്മള ബന്ധങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഹുല്‍ ഗാന്ധി മലപ്പുറം വണ്ടൂർ കാളികാവിലുള്ള ഹിമ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

"ഇന്ത്യയെ അതിർത്തികളുള്ള ഒരു പ്രദേശമായാണ് അവർ കാണുന്നത്, എന്നാല്‍ നമ്മുക്കത് രാജ്യത്തെ ജനങ്ങളാണ്, ബന്ധങ്ങളാണ്. ഹിന്ദുവും മുസ്ലീമും തമ്മിലുള്ള ബന്ധം, ഹിന്ദു, മുസ്ലീം, സിഖ്, തമിഴ്, ഹിന്ദി, ഉറുദു, ബംഗാളി എന്നീ വെെവിധ്യങ്ങള്‍ തമ്മിലുള്ള ബന്ധം. പ്രധാനമന്ത്രി തകർക്കാന്‍ ശ്രമിക്കുന്നത് ഈ ബന്ധങ്ങളെയാണ്. അതാണ് നരേന്ദ്രമോദിയോടുള്ള തന്റെ ഏറ്റവും വലിയ വിയോജിപ്പെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ഇന്ത്യക്കാർ തമ്മിലുള്ള ബന്ധത്തെ വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇന്ത്യയെന്ന ആശയത്തെ തന്നെ ആക്രമിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു. വിദ്വേഷം പ്രയോഗിച്ച് മോദി ആ ബന്ധങ്ങളെ തകർക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ സ്നേഹം കൊണ്ട് ആ പാലം പുനർനിർമ്മിക്കുകയാണ് തന്റെ ലക്ഷ്യം. വിദ്വേഷത്തെ വിദ്വേഷം കൊണ്ടല്ല കാരുണ്യം കൊണ്ടാണ് നേരിടേണ്ടത്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളിൽ നിന്നും പലതും പഠിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ രാജ്യത്തിന്റെ വെെവിധ്യാമാർന്ന പാരമ്പര്യങ്ങളും ആശയങ്ങളും വ്യത്യസ്ത മതങ്ങളെയും വ്യത്യസ്ത സംസ്കാരങ്ങളെയും മനസ്സിലാക്കാതെ അങ്ങനെയൊരു ഒരു പാലം നിർമ്മിക്കാൻ കഴിയില്ല. അത് തിരിച്ചറിയേണ്ടത് തന്റെ മാത്രമല്ല എല്ലാവരുടെയും കടമയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി, എംകെ രാഘവൻ എംപി, എംഎൽഎമാരായ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ തുടങ്ങിയ യുഡിഎഫ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിനുള്ളിലെ അസ്വാരസ്യങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ കേരള സന്ദർശനം.

Popular Stories

    Next Story