Top

ഗ്യാന്‍വാപി പള്ളി സര്‍വ്വേയില്‍ കണ്ടെടുത്തത് 'വുദു ഖാന'യോ?; ചിത്രങ്ങള്‍ കാണാം

കണ്ടെടുത്തതായി ഹിന്ദുസേന അവകാശപ്പെടുന്നത് ശിവലിംഗമല്ലെന്നും വുദുഖാനയുടെ ഭാഗമായ ഫൗണ്ടന്‍ മാത്രമാണെന്നും ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു

17 May 2022 1:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്യാന്‍വാപി പള്ളി സര്‍വ്വേയില്‍ കണ്ടെടുത്തത് വുദു ഖാനയോ?; ചിത്രങ്ങള്‍ കാണാം
X

വാരണാസി: മൂന്നു ദിവസത്തെ ഗ്യാന്‍വാപി മസ്ജിദ് സര്‍വേ അവസാനിക്കവെ ആരാധനാലായത്തില്‍ അവകാശവാദം ഉന്നയിച്ചുള്ള വിവാദം രൂക്ഷമാകുന്നു. മസ്ജിദ് വളപ്പിലെ ജലസംഭരണിയില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദുസേനയുടെ അഭിഭാഷകന്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്. കണ്ടെടുത്തതായി ഹിന്ദുസേന അവകാശപ്പെടുന്നത് ശിവലിംഗമല്ലെന്നും വുദുഖാനയുടെ ഭാഗമായ ഫൗണ്ടന്‍ മാത്രമാണെന്നും ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.

വീഡിയോ സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിന് പിന്നാലെ ഈ സ്ഥലം അടച്ചുകെട്ടാന്‍ സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനേത്തുടര്‍ന്ന് നിസ്‌കാരത്തിനെത്തുന്ന ആളുകളുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തുകയും ചെയ്തു. സീല്‍ ചെയ്ത സ്ഥലം സംരക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ച സുപ്രീം കോടതി മുസ്ലീംകളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തരുതെന്ന് ഉത്തരവിട്ടിട്ടുണ്ട്. ശിവലിംഗമെന്ന് ഹിന്ദുസേനയും ഫൗണ്ടനെന്ന് മസ്ജിദ് കമ്മിറ്റിയും പറയുന്ന വസ്തുവിന്റെ ചിത്രങ്ങള്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ടു.ജലസംഭരണിയില്‍ കണ്ട ഈ ഭാഗമാണ് ഹിന്ദുസേന ശിവലിംഗമാണെന്ന് അവകാശപ്പെടുന്നത്. ഇതിന് 12 അടി 8 ഇഞ്ച് വ്യാസമുണ്ട്. വൃത്താകൃതിയില്‍ അരികുകളും നടുവില്‍, അകത്തായി ഒരു കുംഭരൂപവുമാണുള്ളത്. മുകള്‍ വശം പരന്നിരിക്കുന്ന ഈ കുംഭരൂപത്തിന് അരികുകളേക്കാള്‍ ഉയരം കുറവാണ്. പരന്നിരിക്കുന്ന മുകള്‍ വശത്ത് നീര്‍ച്ചാലിന്റേതെന്ന പോലെ അഞ്ച് ചെറിയ കീറലുകളുമുണ്ട്. നടുവിലായി കാണുന്നത് ദ്വാരമാണോയെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമല്ല.

ഗ്യാന്‍വാപി മസ്ജിദ് സര്‍വ്വേ

വാരണാസി കോടതി കഴിഞ്ഞ മാസമാണ് മസ്ജിദ് പരിസരത്ത് വീഡിയോ സര്‍വ്വേക്ക് ഉത്തരവിടുന്നത്. ഉത്തരവ് ചോദ്യം ചെയ്യപ്പെട്ടെങ്കിലും പുരാവസ്തു ഗവേഷണ വകുപ്പിനോട് (എഎസ്‌ഐ) സര്‍വേയുമായി മുന്നോട്ടുപോകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. സര്‍വ്വേസംഘം മസ്ജിദ് പരിസരത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ മുസ്ലിം പ്രാദേശികവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. എന്നാല്‍ മെയ് 17ന് സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഒന്നാം ദിവസം താഴത്തെ നിലയിലുള്ള നാല് മുറികളിലെ ദൃശ്യങ്ങളാണ് റെക്കോര്‍ഡ് ചെയ്തത്. സര്‍വേയുടെ 50 ശതമാനം പൂര്‍ത്തിയായതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സര്‍വ്വേയുടെ രണ്ടാം ദിവസം ഗ്യാന്‍വാപി പള്ളി വളപ്പിന്റെ പടിഞ്ഞാറന്‍ മതിലിലായി തകര്‍ന്ന ഒരു ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍വ്വേയുടെ മൂന്നാം ദിവസമാണ് 'ശിവലിംഗം കണ്ടെത്തി'യെന്ന അവകാശവാദമുയര്‍ന്നതും സര്‍വ്വേ അവസാനിച്ചതും.

കേസിന്റെ നാള്‍വഴി

നിയമപോരാട്ടത്തില്‍ അകപ്പെട്ടിരിക്കുന്ന ഗ്യാന്‍വാപി മസ്ജിദ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. പള്ളി നിര്‍മ്മിതിയുടെ ഹൈന്ദവ ഉത്ഭവത്തേക്കുറിച്ചുള്ള അവകാശവാദങ്ങളില്‍ അന്വേഷണം നടത്താന്‍ പുരാവസ്തു വകുപ്പിനോട് പ്രാദേശിക കോടതി ആവശ്യപ്പെട്ടു.

മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി

നടപടിക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കാനും സര്‍വ്വേയും റിപ്പോര്‍ട്ടും പരസ്യപ്പെടുത്താതിരിക്കാനും ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഗ്യാന്‍വാപി പള്ളിയുടെ മാനേജ് കമ്മിറ്റിയായ അഞ്ജുമാന്‍ ഇ ഇന്ദസാമിയ കഴിഞ്ഞയാഴ്ച്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു.


ഹിന്ദുസേനയുടെ വാദം

ഗ്യാന്‍വാപി 'ശ്രീനഗര്‍ ഗൗരി' കോംപ്ലക്‌സില്‍ നിത്യ ആരാധനക്കും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനും അനുമതി നല്‍കണമെന്നാണ് ഹിന്ദു സേനയുടെ ആവശ്യം. കോംപ്ലക്‌സില്‍ സര്‍വേ നടത്തണമെന്ന ആവശ്യമുന്നയിച്ച് അഞ്ച് സ്ത്രീകളാണ് പരാതിക്കാരായി രംഗത്തെത്തിയത്. ശ്രീനഗര്‍ ഗൗരിയുടെ വിഗ്രഹമുണ്ടെന്ന് തെളിയിക്കാനായി മസ്ജിദിനകത്തേക്ക് കടക്കണമെന്നതാണ് ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. ഇതിനേത്തുടര്‍ന്നാണ് കോടതി സര്‍വ്വേക്ക് ഉത്തരവിടുന്നത്.

മസ്ജിദ് കമ്മിറ്റിയുടെ വാദം

മസ്ജിദിന്റെ പടിഞ്ഞാറന്‍ മതിലിന് പുറത്താണ് ശ്രീനഗര്‍ ഗൗരിയുടെ വിഗ്രഹമുള്ളതെന്ന് അഞ്ജുമാന്‍ ഇ ഇന്ദസാമിയ പറയുന്നു. പള്ളിക്ക് അകത്ത് കയറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കോടതി ഒരു ഉത്തരവും നല്‍കിയിരുന്നില്ലെന്നും ബാരിക്കേഡിന് പുറത്തുള്ള മുറ്റം വരെ വീഡിയോ സര്‍വ്വേ നടത്താന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും മസ്ജിദ് കമ്മിറ്റി വാദിക്കുന്നു.

Story Highlights: Is it Wudhukhana? Seen in Gyanvapi Mosque Survey; Details are here

Next Story