Top

കേരള കോണ്‍ഗ്രസ് എം വിട്ട പികെ ജേക്കബ് അടക്കം നേതാക്കള്‍ കേരള കോൺഗ്രസ് ബിയിലേക്ക്

ലയന സമ്മേളനം കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ ബി ഗണേശ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് രാജിവെച്ചവർ അറിയിച്ചു.

29 Sep 2021 3:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരള കോണ്‍ഗ്രസ് എം  വിട്ട പികെ ജേക്കബ് അടക്കം നേതാക്കള്‍ കേരള കോൺഗ്രസ് ബിയിലേക്ക്
X

പത്തനംതിട്ടയിൽ കേരള കോൺഗ്രസ് (എം)ൽ നിന്ന് രാജി വച്ച പ്രവർത്തകർ കേരള കോൺഗ്രസ് (ബി)യിലേക്ക്. കേരള കോൺസ് (എം) സംസ്ഥാന കമ്മിറ്റിയംഗത്വം രാജിവെച്ച പി കെ ജേക്കബ് ഉൾപ്പെടെയുള്ളവരാണ് കേരള കോൺഗ്രസ് ബിയിൽ ചേരുന്നത്. ലയന സമ്മേളനം കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ ബി ഗണേശ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് രാജിവെച്ചവർ അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഴുവന്‍ സ്ഥാനമാനങ്ങളും രാജി വെച്ച പി കെ ജേക്കബ് തല്‍ക്കാലം സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നായിരുന്നു രാജി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയെ തളര്‍ത്തുന്നതിലും തന്നോടും തനിക്കൊപ്പമുള്ള പ്രവര്‍ത്തകരോടും കാട്ടുന്ന അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു ജേക്കബിന്റെ വിശദീകരണം.

പി കെ ജേക്കബ് പറഞ്ഞത്:

'പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവുമായി അടുത്ത കാലത്തായി യോജിച്ച് പോകാന്‍ കഴിയാതെ വന്നിരിക്കുന്നു. അതിന് പ്രധാന കാരണം യാതൊരു സംഘടനാ പാടവും പ്രവര്‍ത്തന പാരമ്പര്യവുമില്ലാത്ത ജില്ലാ പ്രസിഡന്റ് തന്നെയാണ്. അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച്, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ യാതൊരു സംഭാവനയും നല്‍കാതെ ജില്ലാ പ്രസിഡന്റിന്റെ കസേരയിലേക്ക് കെട്ടിയിറക്കപ്പെട്ട അദ്ദേഹത്തിന് സ്വന്തം ബിസിനസാണ് പരമ പ്രധാനം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജില്ലയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയും പ്രസിഡന്റും അദ്ദേഹത്തിനൊപ്പമുള്ളവരും അറിയിക്കാറില്ല. പാര്‍ട്ടിയുടെ നേതാവ് എന്നതിലുപരി താനൊരു പോഷക സംഘടനയുടെ ജില്ലാ പ്രസിഡന്റ് കൂടിയായിട്ടാണ് ഈ സമീപനം.

മൂന്നു തവണ ഈ വിവരം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു. ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ചില ചര്‍ച്ചകളും നടന്നു. ആ സമയം താന്‍ പറയുന്നതൊക്കെ ശരി വയ്ക്കുന്ന ജില്ലാ പ്രസിഡന്റ് തിരികെ ഇവിടെയെത്തുമ്പോള്‍ കടക വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ട് മനസ്സും മടുത്ത താന്‍ കെടിയുസി ജില്ലാ പ്രസിഡന്റ് സ്ഥാനവും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗത്വം രാജി വെച്ചു കൊണ്ട് നേതൃസ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.' പികെ ജേക്കബ് പറഞ്ഞു.

Popular Stories

    Next Story