Top

തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം; മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിലും ഉത്തരവിലുറച്ച് ധനവകുപ്പ്

ട്രഷറി നിയന്ത്രണം ബാധകമാകാതെ ബാങ്കിലെ പോലെ തന്നെ ഏത് സമയത്തും പണം പിൻവലിക്കാമെന്നും വിശദീകരണത്തില്‍ പറയുന്നു.

26 Sep 2021 1:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം; മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിലും ഉത്തരവിലുറച്ച് ധനവകുപ്പ്
X

തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനുള്ള സർക്കുലറിൽ ഉറച്ച് ധനവകുപ്പ്. മുഖ്യമന്ത്രിയ്ക്ക് നൽകിയ വിശദീകരണ കുറിപ്പിലാണ് ധനവകുപ്പ് നിലപാട് വ്യക്തമാക്കിയത്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കാൻ നിയന്ത്രണം ഉണ്ടാകില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എടുത്ത തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ധനവകുപ്പ് വിശദീകരണ കുറിപ്പിൽ പറയുന്നു.

ട്രഷറിയിലെ സാമ്പത്തിക നിയന്ത്രണങ്ങൾ തനത് ഫണ്ടിന് ബാധകമാകില്ല എന്നാണ് ധനവകുപ്പിന്റെ വിശദീകരണം. വെയസ് ആൻഡ് മീൻസ് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും ബാങ്കിലെ പോലെ തന്നെ ഏത് സമയത്തും പണം പിൻവലിക്കാമെന്നും ട്രഷറി നിയന്ത്രണം ബാധകമാകില്ല. ചിലവഴിക്കാതെ തുക ട്രഷറിയിൽ ബാക്കിയാകും. നിലവിലെ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ തീരുമാനം നല്ലതാണെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എടുത്ത തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും കൊവിഡ് കണക്കിലെടുത്താണ് തീരുമാനം നടപ്പില്ലാക്കാൻ സാധിക്കാതിരുന്നതെന്നും ധനവകുപ്പ് മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

കഴിഞ്ഞ 18-നാണ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകളിൽ നിന്നും ട്രഷറിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. ഫണ്ട് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ 10 വർഷം മുൻപ് നൽകിയ അനുമതി ധനവകുപ്പ് പിൻവലിച്ചതും വിവാദമായിരുന്നു. ഇതോടെയാണ് ധനവകുപ്പിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്.

തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവിനെതിരെ തദ്ദേശവകുപ്പ് അതൃപ്തി അറിയിച്ചിരുന്നു. തദ്ദേശ വകുപ്പിനോട് കൂടിയാലോചന നടത്താതെ ധനവകുപ്പ് ഏകപക്ഷീയമായി സർക്കുലർ ഇറക്കിയത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു തദ്ദേശ വകുപ്പിന്റ പരാതി.

Popular Stories

    Next Story