Top

ശിവന്‍കുട്ടിക്കെതിരെ വ്യാജപ്രചരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു

9 Oct 2021 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശിവന്‍കുട്ടിക്കെതിരെ വ്യാജപ്രചരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് അനുഭാവി അറസ്റ്റില്‍. പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടില്‍ പ്രതീഷ് കുമാറിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ ചിത്രം മോര്‍ഫിംഗ് നടത്തി പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി ശിവന്‍കുട്ടി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ ഉള്‍പ്പെട്ട രണ്ടാം പ്രതി എറണാകുളം സ്വദേശിയെ ഷീബ രാമചന്ദ്രനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ശിവന്‍കുട്ടി നടന്‍ ബൈജുവിനൊപ്പം നില്‍ക്കുന്ന ചിത്രം തട്ടിപ്പുക്കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനൊപ്പമുള്ളതാക്കിയാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുമാണ് വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നും പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.

മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്: ''ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടന്‍ ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.''

Popular Stories

    Next Story