ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതം, കോടിയേരിയുടെ മകനായതിനാൽ വേട്ടയാടപ്പെടുന്നു; ബിനീഷ്
കേസ് അടുത്ത ഒക്ടോബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
23 Sep 2021 2:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബംഗളുരു: കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബിനീഷ് കോടിയേരി. കര്‍ണാടക ഹൈക്കോടതി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ബീനീഷിന്റെ പരാമര്‍ശം. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കുടുക്കിയതെന്നും ബിനീഷ് കോടിയേരി കോടതിയില്‍ ആരോപിച്ചു.
തന്റെ അക്കൗണ്ടിലെത്തിയത് ശരിയായ രീതികളിലൂടെയുള്ള കച്ചവടത്തിലെ ലാഭം മാത്രമാണ്. ഈ ഇടപാടുകളില്‍ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണ് അന്വേഷണ ഏജന്‍സിക്ക് അത് ബോധ്യം വരാത്തതെന്നും ബിനീഷ് പറഞ്ഞു.
ലഹരി കടത്ത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും, കെട്ടിച്ചമച്ച കഥകളാണ് അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതെന്നുമാണ് ബിനീഷിന്റെ ആരോപണം. ഡ്രൈവറായ അനിക്കുട്ടനും സുഹൃത്തായ അരുണും തമ്മില്‍ വ്യാപാര ഇടപാട് നടത്തിയിട്ടില്ല. അനികുട്ടന് തനിക്കുവേണ്ടി നിക്ഷേപിച്ചത് ഏഴുലക്ഷം മാത്രമാണ്. അതല്ലാതെ അനികുട്ടന് നടത്തിയ മറ്റ് ഇടപാടുകളൊന്നും തന്റെ അറിവോടെ അല്ലായിരുന്നു എന്നും ബീനീഷ് പറഞ്ഞു. കേസ് അടുത്ത ഒക്ടോബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡി ബിനീഷ് ബിസിനസുകളുടെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കോടതിയെ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടനെയും സുഹൃത്ത് അരുണിനെയും ചോദ്യം ചെയ്യാനുണ്ട്. എന്നാലിവരെ പല തവണ വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. ബിനീഷിന് വേണ്ടിയുള്ള ബാങ്ക് നിക്ഷേപങ്ങള്‍ നടത്തിയ വ്യക്തിയെന്ന നിലയില്‍ അനിക്കുട്ടനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.