Top

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി; ബാറുകളും തുറക്കും

വെെകിട്ട് ആറുമണി വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇളവുകള്‍ പ്രഖ്യാപിക്കും.

25 Sep 2021 11:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി; ബാറുകളും തുറക്കും
X

സംസ്ഥാനത്ത് കൊവിഡ് ഇളവുകളുടെ ഭാഗമായി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ തുറക്കാനും അനുവാദം നല്‍കാനാണ് സർക്കാർ തീരുമാനം. ഹോട്ടലുകളിലും ബാറുകളിലും പാലിക്കേണ്ട സുരക്ഷാ നിയന്ത്രണങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

രണ്ട് ഡോസ് വാക്സിനെടുത്തവർക്കാണ് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിലിരുന്ന് മദ്യപിക്കാനും അനുമതിയുള്ളത്. 18 വയസിന് താഴെയുള്ളവർക്ക് ഹോട്ടലുകളില്‍ വാക്സിന്‍ നിബന്ധനയ്ക്ക് ഇളവ് ലഭിക്കും.

ആകെ സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം സീറ്റുകളില്‍ പ്രവർത്തിക്കാം. സീറ്റുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം, ജനലുകളും വാതിലുകളും തുറന്നിടണം, സാനിറ്റെെസേഷന്‍ അടക്കമുള്ള കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കണം പ്രവർത്തനം. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച തൊഴിലാളികളുമായി വേണം സ്ഥാപനങ്ങളുടെ പ്രവർത്തനം.

ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് സ്വീകരിച്ചവർക്ക് വേണ്ടി പ്രവർത്തിക്കാം. അതേസമയം, തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് നിലവില്‍ ഇളവ് നല്‍കില്ലെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്.

Popular Stories

    Next Story