Top

'സുധാകരനെതിരെ സംസാരിച്ചാല്‍ തീര്‍ക്കും'; മോണ്‍സനെതിരെ പരാതി നല്‍കിയവര്‍ക്ക് ഭീഷണി

30 Sep 2021 7:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധാകരനെതിരെ സംസാരിച്ചാല്‍ തീര്‍ക്കും; മോണ്‍സനെതിരെ പരാതി നല്‍കിയവര്‍ക്ക് ഭീഷണി
X

കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ സംസാരിക്കരുതെന്ന് മോണ്‍സണ്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ക്ക് ഭീഷണി. അനൂപ്, ഷമീര്‍, യാക്കൂബ് എന്നീ പരാതിക്കാരെ ഹോട്ടലിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. സംഭവത്തില്‍ മൂവരും മരട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മാധ്യമങ്ങളില്‍ സുധാകരനെതിരെ സംസാരിക്കരുതെന്നാണ് ഭീഷണി മുഴക്കിയതെന്നും ഇവര്‍ തൃശൂരില്‍ നിന്നെത്തിയ സംഘമാണെന്നും പരാതിക്കാര്‍ പറയുന്നു.

ജീവന്‍ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ കെ. സുധാകരനെതിരെ പരാതിക്കാര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മോന്‍സണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും പോലീസുകാര്‍ക്കു മുന്നിലിരുന്നു വെല്ലുവിളിച്ചുവെന്നു പരാതിക്കാരില്‍ ഒരാളായ യാക്കൂബ് റിപ്പോര്‍ട്ടര്‍ ടിവിയോടു പറഞ്ഞു. മോന്‍സനെതിരേ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരാത്തതിനു പിന്നില്‍ ഈ കാരണമാണെന്നും യാക്കൂബ് വ്യക്തമാക്കി.

ഞങ്ങളുടെ പരാതിയില്‍ 40 കോടിയുടെ തട്ടിപ്പ് പറയുന്നുണ്ട്. പലരും പരാതി നല്‍കാന്‍ തയ്യാറല്ല. കാരണം ഇതൊരു വട വൃക്ഷമായി വളര്‍ന്നു. ഒരു പരിധി വിട്ടാല്‍ പിഴുതു മാറ്റാന്‍ കഴിയാത്ത ആളുകളുണ്ട്. ആ രീതിയിലേക്ക് ഇത് വളര്‍ന്നു.അതിനാല്‍ നമ്മളാരും മനക്കെട്ടിട്ട് കാര്യമില്ലെന്ന ചിന്തയുണ്ട്. ബാംഗ്ലൂരിലുള്ളവരോട് പറയുമ്പോള്‍ കേരളത്തിലൊന്നും നടക്കില്ലെന്നാണ് പറയുന്നത്. അവരൊരുപാട് ശ്രമിച്ചതാണ്. നടന്നിട്ടില്ല. അതു കൊണ്ടായിരിക്കും അങ്ങനെ പറയുന്നത്, മോന്‍സണെതിരെ മറ്റൊരു പരാതിക്കാരനായ ടിഎം ഷമീര്‍ പറഞ്ഞു.

അതേസമയം തന്റെ കൈവശം നയാപൈസ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പരാതിക്കാരില്‍ നിന്നും പത്ത് കോടി രൂപ വാങ്ങിയിട്ടില്ല. നാല് കോടി രൂപ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രതി മൊഴി നല്‍കി. പണമെല്ലാം തന്റെ ആഢംബര ജീവിതത്തിന് വേണ്ടി ചെലവഴിച്ചതാണെന്നും മോന്‍സണ്‍ പറഞ്ഞു. ഇതെല്ലാം തന്റെ ആഢംബര ജീവിതത്തിന് വേണ്ടിയാണ് ചെലവഴിച്ചത്. വീടിന്റെ മാസവാടക ഇനത്തില്‍ അമ്പതിനായിരം രൂപയാണ് നല്‍കുന്നത്. ശരാശരി കറണ്ട് ബില്ല് 30000 രൂപയാണ്. സെക്യൂരിറ്റി ജീവനക്കാരന് ഉള്‍പ്പെടെ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് മാസത്തില്‍ വേണ്ടതെന്നും മോന്‍സന്‍ വിശദീകരിച്ചു.

Popular Stories

    Next Story