Top

ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അധ്യാപിക ഒളിവില്‍, പ്രതിഷേധം ശക്തം

സെപ്റ്റംബര്‍ ഏഴിന് നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയില്‍ ഒരു വാക്ക് തെറ്റി എഴുതിയതിനെ തുടര്‍ന്നാണ് അധ്യാപിക കുട്ടിയെ ബോധതഹിതനാകുന്നതുവരെ ചവിട്ടുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു

27 Sep 2022 6:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അധ്യാപിക ഒളിവില്‍, പ്രതിഷേധം ശക്തം
X

അജല്‍ദ: അധ്യാപിക മര്‍ദിച്ച ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌ക്കൂളിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി. പ്രകോപിതരായ പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പിന് തീയിട്ടു. ചില പൊലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഭീം ആര്‍മിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സെപ്റ്റംബര്‍ ഏഴിനാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ നിഖില്‍ ദ്രൊഹ എന്ന വിദ്യാര്‍ത്ഥിയെ സാമൂഹ്യശാസ്ത്രാധ്യാപിക അടിച്ചത്. പരീക്ഷ പേപ്പറില്‍ അക്ഷരതെറ്റ് വരുത്തി എന്ന പേരില്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 24നാണ് നിഖില്‍ മരണപ്പെട്ടത്. തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്് നിഖിലിന്റ കുടുംബവും, ഭീം ആര്‍മി പാര്‍ട്ടി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.

അധ്യാപികയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് മൃതദേഹം സംസ്‌ക്കരിക്കാന്‍ കുടുംബം തയ്യാറായത്. നിഖിലിന്റെ മരണത്തിന് പിന്നാലെ ഉടലെടുത്ത ആക്രമണം ഭീം ആര്‍മി പാര്‍ട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധക്കാര്‍ എല്ലാം തന്നെ കുറ്റവാളികള്‍ ആണെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

സെപ്റ്റംബര്‍ 24നാണ് നിഖില്‍ ദ്രൊഹയുടെ പിതാവ് രാജു ദ്രോഹ അജല്‍ദ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സെപ്തംബര്‍ ഏഴിന് നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയില്‍ ഒരു വാക്ക് തെറ്റി എഴുതിയതിനെ തുടര്‍ന്നാണ് അധ്യാപിക കുട്ടിയെ ബോധതഹിതനാകുന്നതുവരെ ചവിട്ടുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയുടെ ചികിത്സക്കായി അധ്യാപിക ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍കോളുകള്‍ എടുക്കാതെയായെന്നും അധ്യാപികയില്‍ നിന്നും ജാതി അധിക്ഷേപം നേരിട്ടതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അധ്യാപികക്കെതിരെ കേസെടുത്തത്.

STORY HIGHLIGHTS: Dalit student death: Teacher is absconding, Violent protest over death

Next Story