Top

'രോഗബാധിതനായ ഭര്‍ത്താവിനൊപ്പം പോകാനുള്ള തീരുമാനം പ്രകോപിപിച്ചു, പ്ലാസ്റ്റികില്‍ ചുറ്റി സിന്ധുവിനെ ജീവനോടെ കുഴിച്ചിട്ടു'; പ്രതിയുടെ മൊഴി

സിന്ധുവിന്റെ തിരോധാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 16നാണ് ഇയാള്‍ ഒളിവില്‍ പോയത്.

7 Sep 2021 11:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രോഗബാധിതനായ ഭര്‍ത്താവിനൊപ്പം പോകാനുള്ള തീരുമാനം പ്രകോപിപിച്ചു, പ്ലാസ്റ്റികില്‍ ചുറ്റി  സിന്ധുവിനെ ജീവനോടെ കുഴിച്ചിട്ടു; പ്രതിയുടെ മൊഴി
X

ഇടുക്കി പണിക്കന്‍കുടി കൊലപാതകത്തില്‍ സിന്ധുവിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പ്രതി ബിനോയിയുടെ വെളിപ്പെടുത്തല്‍. ആദ്യം ജീവനോടെ കത്തിക്കാനായി വീടിനുപുറത്തെ കുഴിയിലെത്തിച്ചിരുന്നവെങ്കിലും പിടിക്കപ്പെടുമെന്ന ഭയത്താല്‍ ആ നീക്കം വേണ്ടെന്നുവയ്ക്കുകയായിരുന്നു. പിന്നീട് വീടിനുള്ളിലെത്തിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ശരീരത്തില്‍ പ്ലാസ്റ്റിക് ചുറ്റി അടുക്കളയില്‍ കുഴിച്ചിടുകയായിരുന്നു എന്നും ബിനോയി പൊലീസിനോട് വെളിപ്പെടുത്തി. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് വിവരം.

2016 മുതല്‍ ഭര്‍ത്താവുമായി അകന്നുകഴിയുന്ന സിന്ധുവും ഇളയമകനും പണിക്കന്‍ കുടിയിലെ ബിനോയിയുടെ വീടിന് സമീപമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ബിനോയിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ ഇതിനിടെ ഭര്‍ത്താവ് ബാബു അസുഖബാധിതനായതോടെ സിന്ധു ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതോടെ പ്രകോപിതനായ ബിനോയി സിന്ധുവിന് വരുന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവാകുകയും ചെയ്തു. ഇക്കാര്യം സിന്ധു ബന്ധുക്കളോട് പറഞ്ഞിരുന്നു. ഒടുവില്‍ സിന്ധു ഭര്‍ത്താവിനൊപ്പം തിരികെ പോകുമെന്ന് ധാരണ ഉണ്ടായതോടെയാണ് കൊലപാതകത്തിലേക്ക് എത്തിയത്.

സംഭവം നടക്കുന്ന അന്ന് ഓഗസ്റ്റ് പതിനൊന്നിന് സിന്ധുവിന്റെ മകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടില്‍ പറഞ്ഞയക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും സിന്ധുവിനെ ബിനോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം മദ്യലഹരിയിലായിരുന്നു എന്നാണ് ബിനോയിയുടെ മൊഴി. തുടർന്ന് സിന്ധുവിന്റെ തിരോധാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 16നാണ് ഇയാള്‍ ഒളിവില്‍ പോയത്.

പിന്നീട് മൂന്നാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി മാണിക്കുന്നേല്‍ ബിനോയിയെ കഴിഞ്ഞദിവസം പെരുഞ്ചാംകുട്ടി വനത്തില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇക്കാലയളവില്‍ ആദ്യം തമിഴ്‌നാട്ടിലും പിന്നീട് തൃശ്ശൂരും പാലക്കാടും കോട്ടയത്തുമൊക്കെയായിരുന്നു പ്രതിയുടെ താവളം. രണ്ട് ദിവസ്സം മുമ്പാണ് പെരിഞ്ചാം കൂട്ടിയില്‍ എത്തിയത്. എന്നാല്‍ പൊലീസ് ശക്തമാക്കിയ സാഹചര്യത്തില്‍ പുറത്തിറങ്ങിയാല്‍ പിടിക്കപ്പെടുമെന്നായതോടെ വനത്തിലെ പാറയിടുക്കിലുളള അള്ളില്‍ ഒളുവില്‍ കഴിഞ്ഞു. തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് പെരുഞ്ചാംകുട്ടിയിലെത്തി ഉള്‍വനത്തില്‍ ഒളിച്ചത്. ഇതിനിടെ സുഹൃത്തിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചതോടെ ബിനോയിയുടെ ഒളിത്താവളം പൊലീസ് തിരിച്ചറിയുകായിരുന്നു. സ്‌ക്വാഡുകളുടെ വലിയ പരിശ്രമത്തിലാണ് പ്രതിയെപിടികൂടാന്‍ കഴിഞ്ഞതെന്ന് ഇടുക്കി ഡിവൈഎസ്പി ഇമ്മാനുല്‍ പോള്‍ പറഞ്ഞു.

അതേസമയം, കൊലപാതകത്തില്‍ ബിനോയിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതിനെ സംബന്ധിച്ചടക്കം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നും ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പഴുതടച്ചുള്ള വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

Next Story

Popular Stories