Top

കൊച്ചി ലഹരിമരുന്ന് വേട്ട; ത്വയിബ ഔലാദിനെ സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയ സൈനികനിലേക്ക് അന്വേഷണം വ്യാപിപ്പിക്കും

എറണാകുളം കച്ചേരിപ്പടിയിലെ എക്സൈസ് മേഖലാ ആസ്ഥാനത്തിന് പുറത്ത് കാറിൽ ഇയാൾ ത്വയിബയ്ക്കായി കാത്തിരുന്നുവെന്നാണ് വിവരം.

29 Aug 2021 11:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി ലഹരിമരുന്ന് വേട്ട; ത്വയിബ ഔലാദിനെ സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയ സൈനികനിലേക്ക് അന്വേഷണം വ്യാപിപ്പിക്കും
X

കൊച്ചി: കാക്കനാട് കോടികളുടെ ലഹരി മരുന്ന് കേസിൽ പിടിയിലായി പിന്നീട് വിട്ടയച്ച ത്വയിബ ഔലാദിനെ കേന്ദ്രീകരിച്ച് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്. എക്സൈസ് ജില്ലാ സ്ക്വാഡ് റെയ്ഡ് ദിവസം രാത്രി വിട്ടയച്ച യുവതി തയ്യിബ ഔലാദിനെ സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ടുപോയ സൈനികനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയേക്കും. ഇയാളുമായി സംസാരിച്ച പൊലീസുകാരന്റെ മൊഴിയെടുത്ത ശേഷം അന്വേഷണം ആരംഭിക്കാനാണ് പൊലീസിന്റെ നീക്കം.

സൈനികനാണെന്നും ഇപ്പോൾ അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. വ്യക്തി വിവരങ്ങളൊന്നും ആ ഘട്ടത്തിൽ പൊലീസ് അന്വേഷിച്ചിരുന്നില്ല. കാശ്മീരിലാണ് ജോലിയെന്നും അറിയിച്ചിരുന്നു. റാക്കറ്റിലെ കണ്ണിയാണ് ത്വയിബയെന്ന് പൊലീസിന് വ്യക്തമായ സാഹചര്യത്തിൽ ഇയാളുമായുള്ള യുവതിയുടെ ബന്ധം എക്സൈസ് ഇന്റലിജൻസ് സമ​ഗ്രമായി അന്വേഷിക്കും. എറണാകുളം കച്ചേരിപ്പടിയിലെ എക്സൈസ് മേഖലാ ആസ്ഥാനത്തിന് പുറത്ത് കാറിൽ ഇയാൾ ത്വയിബയ്ക്കായി കാത്തിരുന്നുവെന്നാണ് വിവരം.

തിരുവല്ല സ്വദേശിയായ ത്വയ്ബ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് എംഡിഎംഎ ലഹരിമരുന്ന് എത്തിച്ച സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശനിയാഴ്ച രാവിലെ കൊച്ചിയിലെ എക്‌സൈസ് ഓഫീസിലേക്ക് ത്വയ്ബയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 19-ന് കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്ന് മാരകലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവതികളടക്കം ഏഴുപേരാണ് പിടിയിലായിരുന്നത്. പ്രതികളെ പിടിച്ചയുടൻ എക്‌സൈസ് എടുത്ത ഫോട്ടോയിലും എക്‌സൈസ് വാർത്തകുറിപ്പിലും ഏഴു പ്രതികളുണ്ടായിരുന്നു. എന്നാൽ കേസ് കോടതിയിൽ എത്തിയപ്പോൾ ത്വയ്ബയെയും മറ്റൊരു യുവാവിനെയും പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനിടെ എക്സെെസ് റെയ്ഡിനിടെ ലഹരിമരുന്ന് ഒളിപ്പിക്കാൻ ത്വയ്ബയും നേരത്തെ പിടിയിലായ ശബ്‌നയും ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസിന്റെ മഹസർ തയ്യാറാക്കിയതിലും പൊരുത്തക്കേടുകളുണ്ടായതും വിവാദമായിരുന്നു.

പ്രതികളിൽ നിന്നും ഒരു കിലോയിലധികം എംഡിഎംഎ പിടികൂടിയിട്ടും എക്‌സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വെച്ചെന്നായിരുന്നു കേസ്. ഒരു കിലോയുടെ മയക്കുമരുന്നിന് ഉടമസ്ഥനില്ല എന്നായിരുന്നു വിശദീകരണം. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മാൻ കൊമ്പും മഹസറിൽ ഇല്ലായിരുന്നു. ഇതോടെ ലഹരിമരുന്ന് കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന ആരോപണം ശക്തമായതോടെ എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Next Story

Popular Stories