Top

മൃതദേഹം പണി നടക്കുന്ന കെട്ടിടത്തിൽ കുഴിച്ചിട്ട് കോൺ​ക്രീറ്റ് ചെയ്തു; ദൃശ്യം കണ്ടിട്ടില്ലെന്ന് പരേഷ് നാഥ്; നിർദ്ദേശിച്ചത് സുഹൃത്ത്

തൊട്ടടുത്ത ദിവസം പതിവു പോലെ രണ്ടു പേരും ഇവിടെ ജോലിക്കെത്തുകയും ചെയ്തു

11 Sep 2021 7:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൃതദേഹം പണി നടക്കുന്ന കെട്ടിടത്തിൽ കുഴിച്ചിട്ട് കോൺ​ക്രീറ്റ് ചെയ്തു; ദൃശ്യം കണ്ടിട്ടില്ലെന്ന് പരേഷ് നാഥ്; നിർദ്ദേശിച്ചത് സുഹൃത്ത്
X

ബം​ഗാൾ മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ ഇരിക്കൂറിൽ സുഹൃത്തുക്കൾ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ ഇനി പിടിയിലാവാനുള്ളത് മുഖ്യപ്രതി പരേഷ് നാഥ് മണ്ഡലിന്റെ സുഹൃത്ത് ​ഗണേഷ്. ദൃശ്യം സിനിമയെ ഓർമ്മിപ്പിക്കുന്ന വിധം പണി നടന്നു കൊണ്ടിരിക്കുന്ന ശൗചാലയത്തിൽ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട് മുകളിൽ കോൺ​ക്രീറ്റ് ചെയ്ത നിലയിലായിരുന്നു. ഇരിക്കൂർ പെരുവളത്ത് പറമ്പിൽ താമസിച്ച് തേപ്പ് ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട അഷിഖുൽ ഇസ്ലാമും പ്രതിയായ പരേഷ്നാഥ് മണ്ഡലും ഗണേഷും.

ജൂൺ 28 നാണ് സംഭവം നടന്നത്. അഷിഖുൽ ഇസ്ലാമിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. മൃതദേഹം ചാക്കിലാക്കി പണി നടന്നു കൊണ്ടിരിക്കുന്ന ശൗചാലയത്തിൽ ഒരു മീറ്ററോളം ആഴത്തിൽ കുഴിച്ചിട്ടു. അന്നുതന്നെ നിലം കോൺക്രീറ്റും ചെയ്തു. തൊട്ടടുത്ത ദിവസം പതിവു പോലെ രണ്ടു പേരും ഇവിടെ ജോലിക്കെത്തുകയും ചെയ്തു. അഷിഖുൽ ഇസ്ലാമിനെ കാണാതായ അന്നു തന്നെ സഹോദരൻ ഇരിക്കൂർ പൊലീസ് പരാതി നൽകിയിരുന്നു. മട്ടന്നൂരിലെ നിർമാണ തൊഴിലാളിയാണ് സ​ഹോദരൻ മോമിൻ. അന്വേഷണ തുടങ്ങിയതോടെ പരേഷും ​​ഗണേഷും മുങ്ങി.

ഇസ്ലാമിനെ കാണാതായ ദിവസം തന്നെ ഒപ്പം താമസിക്കുന്ന രണ്ടു പേർ മുങ്ങിയത് പൊലീസ് സംശയത്തിനിടയാക്കി. ഇവർ രണ്ടു പേരുടെയും ഫോണുകൾ പിന്നീട് പ്രവർത്തിച്ചിരുന്നില്ല. കുറച്ചു നാളുകൾക്ക് ശേഷം മണ്ഡലിന്റ ഫോൺ ഓണായതായി ശ്രദ്ധയിൽ പെട്ടു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ മഹാരാഷ്ട്രയിലുണ്ടെന്ന് വ്യക്തമായി. ഇതാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.

പണത്തിനു വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ദൃശ്യം സിനിമയുടെ മലയാള പതിപ്പോ ഹിന്ദി പതിപ്പോ കണ്ടിട്ടില്ലെന്നാണ് പരേഷ് നാഥ് മണ്ഡൽ പൊലീസിന് മൊഴി നൽകിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ​ഗണേഷാണ് ശൗചാലയത്തിൽ കുഴിച്ചിടാമെന്ന് പറഞ്ഞതെന്നും പ്രതി പറഞ്ഞു,

Next Story

Popular Stories