അരയില്‍ എപ്പോഴും കത്തി, മദ്യപിച്ചാലും നാലംഗ സംഘത്തെ കീഴ്പ്പെടുത്താനുള്ള മെയ്വഴക്കം; കാക്ക അനീഷ് പ്രൊഫഷണല്‍ ഗുണ്ടയെന്ന് സൂചന
മദ്യലഹരിയിലായിരുന്നെങ്കിലും യുവാക്കളുടെ പതിയിരുന്നുള്ള ആക്രമണത്തില്‍ അനീഷ് പതറിയില്ല
3 Aug 2021 2:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാക്ക അനീഷിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ ചുരുളഴിയുമ്പോള്‍ വെളിപ്പെടുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. ഞായറാഴ്ച്ച പുലര്‍ച്ചെയോടെയാണ് കാക്ക അനീഷെന്ന ഗുണ്ട കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. കാപ്പ ചുമത്തപ്പെട്ട കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ അനീഷിന്റെ കൊലപാതകം ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാവുമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തെ ചുറ്റിപ്പറ്റി തന്നെയാണ് ആദ്യ അന്വേഷണങ്ങള്‍ നടന്നത്. എന്നാല്‍ കുറ്റവാളികളെ പിടിച്ചതോടെ കാര്യങ്ങള്‍ നേരെ വിപരീതമായിരുന്നു.
അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവരാണ് പ്രതികളെന്നത് ശ്രദ്ധേയമാണ്. പ്രതികളിലൊരാള്‍ ബിരുധദാരിയുമാണ്. കൂടാതെ രണ്ട് പേര് അനീഷിന്റെ ബന്ധുക്കളും. ഗുണ്ടയായ അനീഷിനെ വധിക്കാന്‍ മാത്രം എന്ത് വൈരാഗ്യമാണ് ഇവര്‍ക്കുണ്ടായതെന്ന് പൊലീസിന്റെ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്.
സ്ത്രീകളെ ഉപദ്രവിക്കലും ഗുണ്ടാപ്പിരിവും ഉള്‍പ്പെടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും നിരന്തരം ശല്യമായിരുന്നു അനീഷ്. സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ ഇത്തരത്തില്‍ പെരുമാറിയിരുന്നു. ഇതിന് പുറമെ കൊലനടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം അനീഷ് ഒരു മോഷണം നടത്തിയിരുന്നതായും സൂചനയുണ്ട്.
കാപ്പ ചുമത്തി അറസ്റ്റു ചെയ്ത അനീഷ്, ക്വാറന്റീന് കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയിരുന്നു. പിന്നീട് അറസ്റ്റിലായ അനീഷ് ദിവസങ്ങള്‍ക്കു മുന്‍പാണ് ജയിലില്‍നിന്നിറങ്ങിയത്. പൊലീസിനും സ്ഥിരം തലവേദനയായിരുന്ന ഇയാളെ ഇല്ലാതാക്കാന്‍ യുവാക്കള്‍ പദ്ധതിയൊരുക്കി. അനീഷ് ചില ദിവസങ്ങളില്‍ ഉറങ്ങുന്ന ഹോളോ ബ്രിക്സ് കടയില്‍ കാത്തിരുന്ന യുവാക്കള്‍ അനീഷ് എത്തിയ ഉടനെ ഇയാളെ ആക്രമിച്ചു. മദ്യലഹരിയിലായിരുന്നെങ്കിലും യുവാക്കളുടെ പതിയിരുന്നുള്ള അനീഷ് ആക്രമണത്തില്‍ പതറിയില്ല.
അരയില്‍ സ്ഥിരമായി കരുതാറുള്ള കത്തി പുറത്തെടുത്ത് പ്രതികളിലൊരാളെ പരിക്കേല്‍പ്പിച്ചു. എന്നാല്‍ പ്രതിരോധം അധിക നേരം നീണ്ടുനിന്നില്ല. അനീഷിനെ അടിച്ചു വീഴ്ത്തിയ യുവാക്കള്‍ കത്തി പിടിച്ചുവാങ്ങി ഇയാളെ കുത്തി. അനീഷ് കൊല്ലപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെല്ലാം പിടിയിലായി. പ്രൊഫഷണല്‍ ക്വട്ടേഷന്‍ പണികളും അനീഷ് ചെയ്തിരുന്നുവെന്നാണ് വിവരം. ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
- TAGS:
- kakka aneesh
- Murder
- Goonda
Next Story