Top

സംസ്ഥാനങ്ങളില്‍ ചിന്തന്‍ ശിവിറുകള്‍ നടത്താന്‍ കോണ്‍ഗ്രസ്; ജൂണ്‍ ഒന്ന്, രണ്ട് തിയതികളില്‍ രാജ്യത്തുടനീളം യോഗങ്ങള്‍ നടക്കും

ജൂൺ ഒന്നും രണ്ടുമായി നടക്കുന്ന സംസ്ഥാനതല ശിവിരുകളിലെ പ്രധാന ഉദ്ദേശം ഉദയ്പുർ പ്രഖ്യാപനത്തിന്റെ ആശയങ്ങൾ പാർട്ടിയുടെ അടിത്തട്ടിലുള്ള പ്രവർത്തകരിലേക്ക് എത്തിക്കുകയാണ്

19 May 2022 3:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനങ്ങളില്‍ ചിന്തന്‍ ശിവിറുകള്‍ നടത്താന്‍ കോണ്‍ഗ്രസ്; ജൂണ്‍ ഒന്ന്, രണ്ട് തിയതികളില്‍ രാജ്യത്തുടനീളം യോഗങ്ങള്‍ നടക്കും
X

ന്യൂഡൽഹി: മൂന്നുദിവസത്തെ ചിന്തൻ ശിവിരിലെ ഉദയ്പുർ പ്രഖ്യാപനം ഏറ്റെടുത്ത് രാജ്യത്തുടനീളം സംസ്ഥാന തലത്തിൽ ശിവിരുകൾ നടത്താൻ കോൺ​ഗ്രസ്. ജൂൺ ഒന്ന്, രണ്ട് തിയതികളിലാണ് ശിവിരുകൾ നടക്കുക. താഴെ തട്ടിലുള്ള പ്രവർത്തകരിലേക്ക് പാർട്ടിയുടെ സന്ദേശമെത്തിക്കാൻ ജൂൺ 11ന് സംസ്ഥാന തലത്തിൽ സമാനമായ ചർച്ചാ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും കോൺ​ഗ്രസ് വക്താവുമായ രൺദീപ് സുർജേവാല അറിയിച്ചു.

എഐസിസിയുടെ ജനറൽ സെക്രട്ടറിമാരും, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും പാർട്ടി ആസ്ഥാനത്ത് നടത്തിയ ചർച്ചകളിലാണ് ഉദയ്പുർ ചിന്തൻ ശിവിരിന്റെ നിർദേശങ്ങളും തീരുമാനങ്ങളും ചർച്ചയായത്. നവ് സങ്കൽപ് ചിന്തൻ ശിവിരിന്റെ സമാപനത്തോടെയും ഉദയ്പുർ പ്രഖ്യാപനങ്ങൾ സ്വീകരിച്ചും കോൺ​ഗ്രസിന്റെ ജനറൽ സെക്രട്ടറിമാരും, ചുമതലയുള്ള നേതാക്കളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിശദമായ ചർച്ചകൾ നടത്തിയെന്നും ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സുർജേവാല പറഞ്ഞു.ജൂൺ ഒന്നും രണ്ടുമായി നടക്കുന്ന സംസ്ഥാനതല ശിവിരുകളിലെ പ്രധാന ഉദ്ദേശം ഉദയ്പുർ പ്രഖ്യാപനത്തിന്റെ ആശയങ്ങൾ പാർട്ടിയുടെ അടിത്തട്ടിലുള്ള പ്രവർത്തകരിലേക്ക് എത്തിക്കുകയാണ്. ഈ ശിവിരുകളിൽ ഞങ്ങളുടെ എംപിമാരും, എംഎൽഎമാരും, എംഎൽഎ സ്ഥാനാർത്ഥികളും, ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും, പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി ഭാരവാഹികളും പാർട്ടിയുടെ പ്രമുഖ നേതാക്കളും പങ്കെടുക്കും.

ഇതിന് തുടർച്ചയായി സംസ്ഥാന കോൺ​ഗ്രസ് കമ്മിറ്റികളിൽ ജൂൺ 11ന് ഇതിന് സമാനമായ ഏകദിന ശിവിരും നടക്കും. പാർട്ടിയുടെ മുന്നോട്ടുള്ള മാർ​ഗങ്ങൾ തീരുമാനിച്ചിരിക്കുന്ന ഉദയ്പുർ നവ് സങ്കൽപ് ശിവിരിലെ പ്രാധാന്യവും ആശയങ്ങളും അടിത്തട്ടിലേക്ക് കെെമാറുകയാണ് ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് 75 പേർ ഉൾപ്പെട്ട് ​ആഗസ്റ്റ് ഒമ്പതിനും ആ​ഗസ്റ്റ് 15 നുമിടയിലായി ജില്ലാ ഘടകങ്ങളുടെ മേൽനോട്ടത്തിൽ മൂന്നു ദിവസത്തെ ആസാദി ​ഗൗരവ് യാത്രയും പാർട്ടി നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. സ്ഥിരമായി പ്രവർത്തിക്കുന്ന ഇവർക്കൊപ്പം ആയിരങ്ങൾ പങ്കെടുക്കും. സ്വാതന്ത്ര പ്രസ്ഥാനത്തിന്റെ ത്യാ​ഗങ്ങളും പാഠങ്ങളും ഓർമിപ്പിച്ചുകൊണ്ട് പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റികൾ വലിയ പരിപാടി സംഘടിപ്പിക്കുമെന്നും സുർജേവാല പറഞ്ഞു.

യൂത്ത് കോൺ​ഗ്രസും നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യയും നേതൃത്വം നൽകി റോസ്​ഗർ ദോ യാത്ര നടത്തും. അവരുടെ നേതൃത്വവുമായി ചർച്ച നടത്തി സമയക്രമത്തിൽ തീരുമാനമെടുക്കുമെന്നും സുർജേവാല പറഞ്ഞു.പാർട്ടിയെ ഇലക്ഷനുവേണ്ടി തയ്യാറാക്കുന്നതിനായി കോൺ​ഗ്രസ് നേതാക്കളുടെ ചിന്തൻ ശിവിരിനു ശേഷമുള്ള ഭാരവാഹികളുടെ യോ​ഗം അതിവേ​ഗത്തിലായിരുന്നു. പുനഃസംഘടനയുടെ ഭാ​ഗമായി 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ 50 വയസ്സിൽ താഴെയുള്ള ആളുകൾക്ക് 50 ശതമാനം പ്രാതിനിധ്യം കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 'ഒരു കുടുംബം, ഒരു ടിക്കറ്റ്' 'ഒരാൾക്ക് ഒരു സ്ഥാനം' എന്നീ പദ്ധതികളും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. നിർണയത്തിനും പരിശീലനത്തിനുമായി പബ്ലിക് ഇൻസെെറ്റ് ഡിപ്പാർട്ട്മെന്റ് എന്ന് പേരിൽ തെരഞ്ഞെടുപ്പ് വിഭാ​ഗം രൂപീകരിക്കാനും കോൺ​ഗ്രസ് തീരുമാനമുണ്ട്.

അഞ്ച് വർഷത്തിലധികം ഒരാൾ ഒരു സ്ഥാനത്ത് തുടരുന്നത് അനുവദിക്കില്ലെന്നും പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി ന്യൂഡൽഹി ഡിസിസി പ്രസിഡന്റ് വിരേന്ദർ കസന കോൺ​ഗ്രസ് പ്രസിഡന്റിന് രാജി സമർപ്പിച്ചിരുന്നു. ഇതിനു ശേഷം കസന പാർട്ടിയുടെ മുതിർന്ന നേതാവായ അയജ് മാക്കനെ കണ്ട് തന്റെ രാജി ഉറപ്പിക്കുകയും കോൺ​ഗ്രസിനോടുള്ള തന്റെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു.


കസന ജിക്ക് അഭിനന്ദനങ്ങൾ, മറ്റുള്ളവരും ഇത് പിന്തുടരുമെന്ന് വിശ്വസിക്കുന്നു എന്ന് മാക്കൻ ട്വിറ്ററിൽ കുറിച്ചു.

ഇത് ഏറ്റെടുത്ത ടിഎൻ പ്രതാപൻ എംപിയും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഉദയ്പ്പൂർ പ്രഖ്യാപനം ഏറ്റെടുത്തുകൊണ്ടുള്ള ദേശീയ തലത്തിലെ ആദ്യ രാജി കൂടിയായിരുന്നു കേരളത്തിൽ നിന്നുള്ള ടിഎൻ പ്രതാപൻ എംപിയുടേത്.

Story Highlights: Congress accepting Udaipur Declaration; Ready to conduct state level shivirs across the country

Next Story