പഞ്ചാബില്‍ ചന്നിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു; അമരീന്ദറിന്റെ വിശ്വസ്തർ പുറത്ത്
പുനസംഘടനയില്‍ ഏഴ് പുതുമുഖങ്ങളെത്തിയപ്പോള് അമരീന്ദറിന്റെ അഞ്ച് വിശ്വസ്തർ പുറത്തായി
26 Sep 2021 5:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പഞ്ചാബില്‍ ചരൺജിത് സിങ് ഛന്നിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.
പതിനഞ്ച് മന്ത്രിമാര്‍ക്കൂടി ചുമതലയേറ്റതോടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം മന്ത്രിസഭയുടെ അംഗബലം പതിനെട്ടായി. ബ്രഹ്ം മൊഹീന്ദ്ര, മൻപ്രീത് സിങ് ബാദൽ, ത്രിപത് രാജീന്ദർ സിങ് ബജ്വ, സുഖ്ബിന്ദർ സിങ് സർക്കാരിയ, റാണ ഗുർജീത് സിങ്, അരുണ ചൗദരി, റസിയ സുൽത്താന, ഭരത് ഭൂഷൺ ആശു, വിജയ് ഇന്ദർ സിംഗ്ല, രൺദീപ് സിങ് നഭ, രാജ് കുമാർ വേർക്ക, സംഗത് സിംഗ് ഗിൽസിയാൻ, പർഗത് സിംഗ്, അമരീന്ദർ സിങ് രാജാ വാരിംഗ്, ഗുക്രിരത് സിങ് കോട്ലി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ
മന്ത്രിസഭാ പുനസംഘടനയില്‍ ഏഴ് പുതുമുഖങ്ങളെത്തിയപ്പോള് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദർ സിങിന്റെ അഞ്ച് വിശ്വസ്തർ പുറത്തായി. ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഛന്നി രാഹുല്‍ ഗാന്ധിയുമായി മൂന്ന് തവണ ചര്‍ച്ച നടത്തിയതിനുശേഷമാണ് മന്ത്രിമാരുടെ അന്തിമപട്ടിക തയ്യാറാക്കിയത്.
നേരത്തെ അമരീന്ദര്‍ മന്ത്രിസഭയിലംഗമായിരുന്ന ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്, റവന്യൂമന്ത്രി ഗുര്‍പ്രീത് സിങ് കന്‍ഗര്‍, വ്യവസായ മന്ത്രി സുന്ദര്‍ ശ്യം അറോറ, സാമൂഹ്യക്ഷേമന്ത്രി സാധുസിങ് ധരംസോട്ട്, കായികമന്ത്രി റാണ ഗുര്‍മിത് സിങ് സോധി എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ചന്നി ധാരണയിലെത്തിയിരുന്നു.
അനധികൃത ഖനിക്ക് ലെെസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെതുടർന്ന് അമരീന്ദര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായ റാണ ഗുര്‍ജിത് സിങിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനും ഹൈക്കമാന്റ് അനുമതി നല്‍കിയിരുന്നു.