മകന്റെ മയക്കുമരുന്ന് കേസ്; ഷാരൂഖ് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം നിര്‍ത്തിവെച്ച് ബൈജൂസ് ആപ്പ്
ഷാരൂഖിനെ ബ്രാന്‍ഡ് അംബാസിഡറായി ലഭിച്ചതോടെ വമ്പന്‍ സ്വീകാര്യതയാണ് ബൈജൂസ് ആപ്പിന് ലഭിച്ചത്.
9 Oct 2021 6:46 AM GMT
അഭിനന്ദ് ബി.സി

നടന് ഷാരൂഖ് ഖാന് അഭിനയിച്ച പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബൈജു ആപ്പ്. ഷാരൂഖിന്റെ മകന് ആര്യന് ഖാനെ മയക്കു മരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തീരുമാനം. ഷാരൂഖ് മുഖം കാണിക്കുന്ന ബൈജൂസിന്റെ പരസ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനമെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2017 മുതല്‍ ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്. 4 കോടിയോളം രൂപയാണ് ബൈജൂസ് ഷാരൂഖിന് നല്കുന്ന വാര്‍ഷിക പ്രതിഫലം. അതേസമയം നേരത്തെ ബുക്ക് ചെയ്ത പരസ്യങ്ങളാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യപ്പെടുന്നത്. ഇവയെല്ലാം പെട്ടന്ന് നിര്‍ത്താന്‍ സമയമെടുക്കും. എന്നാലും തീരുമാനവുമായി മുന്നോട്ട് പോവാനാണ് ബൈജൂസിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും ഷാരൂഖിനെ മാറ്റുമോയെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഷാരൂഖ് ബ്രാന്‍ഡ് അംബാസിഡറായി വന്നതോടെ വമ്പന്‍ സ്വീകാര്യതയാണ് ബൈജൂസ് ആപ്പിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ നടനെ ഒഴിവാക്കാനുള്ള സാധ്യതയും കുറവാണ്.
ഇതിനിടെ ആര്യന് ഖാന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. നിലവില്‍ ആര്യന് ഖാന് അടക്കം ആറ് പേര് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആര്യനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളുകയായിരുന്നു. കോടതി ചോദ്യം ചെയ്യാന്‍ എന്‍സിബിക്ക് ആവശ്യത്തിന് സമയം ലഭിച്ചെന്നും ചൂണ്ടിക്കാട്ടി. കേസില്‍ പ്രത്യേക എന്‍ഡിപിഎസ് കോടതിയിലാകും ഇനി വാദം നടക്കുക.