Top

ഗര്‍ഭപാത്രം നീക്കം ചെയ്യാനെത്തി, യുവതിയുടെ ഇരു വൃക്കകളും കാണാതായി; നഴ്‌സിങ്ങ് ഹോം അധികൃതരെ ഉടന്‍ പിടികൂടുമെന്ന് ബിഹാര്‍ പൊലീസ്

സ്ഥിരമായി ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന യുവതിയുടെ ഇപ്പോഴത്തെ നില അതീവ ഗുരുതരമാണ്

26 Sep 2022 7:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗര്‍ഭപാത്രം നീക്കം ചെയ്യാനെത്തി, യുവതിയുടെ ഇരു വൃക്കകളും കാണാതായി; നഴ്‌സിങ്ങ് ഹോം അധികൃതരെ ഉടന്‍ പിടികൂടുമെന്ന് ബിഹാര്‍ പൊലീസ്
X

പാറ്റ്‌ന: ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ ഇരു വൃക്കകളും കാണാതായെന്ന് റിപ്പോര്‍ട്ട്. മുസഫര്‍പൂര്‍ ജില്ലയിലെ ഒരു നഴ്‌സിങ്ങ് ഹോമിലാണ് സംഭവം. സെപ്റ്റംബര്‍ മൂന്നിന് മുസ്സാഫര്‍പൂരിലെ ശുഭ്കാന്ത് നഴ്‌സിങ് ഹോമില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി എത്തിയ യുവതിക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്. ശസ്ത്രക്രിയക്കൊപ്പം യുവതിയുടെ വൃക്കകളും നീക്കം ചെയ്യുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അംഗീകാരമില്ലാതെയാണ് നഴ്‌സിങ് ഹോം പ്രവര്‍ത്തിച്ചിരുന്നതെന്നും ബീഹാര്‍ പൊലീസ് പ്രതികരിച്ചു.

മൂന്നുകുട്ടികളുടെ അമ്മയാണ് യുവതി. സെപ്തംബര്‍ 15 മുതല്‍ ഇവര്‍ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡയാലിസിസ് വിഭാഗത്തില്‍ ചികില്‍സയിലാണ്. കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇരു വൃക്കകളും നഷ്ട്ടപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പിക്കാന്‍ സാധിക്കു എന്ന് ഐജിഎംഎസ് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗര്‍ഭപാത്ര ശസ്ത്രക്രിയക്ക് ശേഷം കഠിനമായ വയറുവേദനയെ തുടര്‍ന്ന് യുവതി ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. അവിടെവെച്ച് നടത്തിയ പരിശോധനകളിലാണ് യുവതിയുടെ വൃക്കകള്‍ കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ സരോജ് കുമാര്‍ വ്യക്തമാക്കി. കുറ്റവാളികളെന്ന് സംശയിക്കുന്ന നഴ്‌സിങ് ഹോം ഉടമ പവന്‍ കുമാര്‍, സഹായി ആര്‍ കെ സിങ് എന്നിവരെ ഉടനെ പിടികൂടാന്‍ മൂന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥിരമായി ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന യുവതിയുടെ ഇപ്പോഴത്തെ നില അതീവ ഗുരുതരമാണ്. വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ നേരിയ പുരോഗതിയ്ക്ക് സാധ്യതയുളളു എന്ന് നെഫ്രോളജി വിദഗ്ധന്‍ ഓം കുമാര്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കില്‍ മാത്രമേ വൃക്ക നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള വിശദമായ സ്‌കാനിങ്ങ് പരിശോധനകള്‍ നടത്താന്‍ കഴിയു. സി ടി സ്‌കാന്‍ കൊണ്ട് മാത്രം ഇരുവൃക്കകളും നഷ്ടപ്പെട്ടെന്ന് ഉറപ്പിക്കാന്‍ ആകില്ലെന്നും ഓം കുമാര്‍ പറഞ്ഞു. യുവതിയുടെ ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ഐ ജി എം എസ് തലവന്‍ രഞ്ജിത് ഗുഹ മാധ്യമങ്ങളോട് പറഞ്ഞു.

STORY HIGHLIGHTS: Both kidneys of a woman were allegedly removed when underwent a uterus-removal surgery; Nursing home authorities will be arrested soon said by Bihar police

Next Story