Top

'വായ്പയെടുക്കല്‍ കേന്ദ്രത്തിന്റെ ഔദാര്യമല്ല'; സംസ്ഥാനങ്ങളുടെ അവകാശമാണെന്ന് തോമസ് ഐസക്ക്

കേന്ദ്ര സർക്കാർ ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയല്ലാതെ ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ലെന്നും തോമസ് ഐസക്ക്

21 May 2022 2:55 PM GMT
അബ്ദുള്‍ നാസിർ

വായ്പയെടുക്കല്‍ കേന്ദ്രത്തിന്റെ ഔദാര്യമല്ല; സംസ്ഥാനങ്ങളുടെ അവകാശമാണെന്ന് തോമസ് ഐസക്ക്
X

തൃക്കാക്കര: വായ്പയെടുക്കൽ കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും അത് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗവും മുൻ ധനകാര്യമന്ത്രിയുമായ തോമസ് ഐസക്ക്. ഓരോ വർഷവും ഏതാണ്ട് 4000 കോടി രൂപയോളം വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കാറുണ്ടെന്നും ഇപ്പോൾ അത് അനുവദിക്കാത്തത് മനഃപ്പൂർവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തോമസ് ഐസക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാർ ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയല്ലാതെ ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ല. ഇന്ത്യയിൽ വേറെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഈ നിലപാടെടുത്തിട്ടുണ്ടോ എന്നും തോമസ് ഐസക്ക് ചോദിച്ചു. കിഫ്ബി വഴി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരെടുത്ത വായ്പയായി കണക്കാക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. അത് തട്ടിക്കിഴിച്ചിട്ടുള്ള വായ്പയെ തരൂ എന്ന് പറഞ്ഞിട്ടാണ് കേന്ദ്രം ഇപ്പോൾ ഇത് നിർത്തിവെക്കുന്നതെന്നും ഇതൊരു മുട്ടാപ്പോക്ക് പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.


തോമസ് ഐസക്കിന്റെ വാക്കുകൾ:

''ഈ കേന്ദ്ര സർക്കാർ ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയല്ലാതെ ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ല. എന്താണിപ്പോൾ ഒരു പണത്തിനു ഞെരുക്കം വന്നത്. സാധാരണ​ഗതിയിൽ ഏതാണ്ടൊരു 4000 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കും. അത് ഔദാര്യമൊന്നുമല്ല. സംസ്ഥാനങ്ങളുടെ അവകാശമാണ്. എല്ലാ സംസ്ഥാനത്തിനും അനുവദിക്കുന്നതാണ്. ഈ മാസം അനുവദിച്ചില്ല.

അനുവദിക്കാത്തത് മനഃപ്പൂർവമാണ്. അതിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ചർച്ച ചെയ്യുകയല്ലേ വേണ്ടത്. അനുവദിക്കാതിരിക്കുയാണോ കേന്ദ്രം ചെയ്യേണ്ടത്. ഇപ്പോൾ കിഫ്ബി വഴി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരെടുത്ത വായ്പയായി കണക്കാക്കും, അത് തട്ടിക്കിഴിച്ചിട്ടുള്ള വായ്പയെ തരൂ എന്ന് പറഞ്ഞാണ് നിർത്തിവെക്കുന്നത്.

അത് സിഎജി ഉന്നയിച്ചു. കേരള നിയമസഭ അതല്ല എന്നു പറഞ്ഞ് പ്രമേയം പാസാക്കി സെറ്റിൽ ചെയ്തതാണ്. ഇന്ത്യയിൽ വേറെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഈ നിലപാടെടുത്തിട്ടുണ്ടോ? സ്വന്തം കാര്യത്തിൽ കേന്ദ്ര സർക്കാർ ഇങ്ങനെ ഒരു നിലപാട് എടുക്കുമോ? നാഷണൽ ഹെെവേ അതോറിറ്റി ഓഫ് ഇന്ത്യ അവർ എത്ര ലക്ഷം കോടി രൂപയാണ് വായ്പയെടുക്കുന്നത്. അത് കേന്ദ്രസർക്കാരിന്റെ വായ്പയായി കണക്കാക്കുമോ? റെയിൽവേക്ക് കേന്ദ്രസർക്കാർ ബജറ്റിൽ നിന്ന് സ്ഥിരമായിട്ട് പണം കൊടുക്കുന്നതല്ലേ? റെയിൽവേ എടുക്കുന്ന വായ്പയൊക്കെ കേന്ദ്ര സർക്കാരിന്റെ വായ്പയായിട്ട് വെക്കുമോ? അപ്പോൾ ഇതൊരു മുട്ടാപ്പോക്ക് പരിപാടിയാണ്. അതിന്റെ ഫലമായിട്ടുണ്ടായതാണ്''.

Story Highlights: Borrowing is not the generosity of the Central Government; Its right of State Government said Thomas Isaac

Next Story