Top

'ബിഷപ്പ് ലക്ഷ്യം വെച്ചത് മുസ്ലിം സമുദായത്തെ'; സാദിഖലി തങ്ങള്‍

വളരെ പക്വതയോടെയാണ് മുസ്ലിം സമുദായം പരാമര്‍ശത്തോട് പ്രതികരിച്ചത്

22 Sep 2021 12:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഷപ്പ് ലക്ഷ്യം വെച്ചത് മുസ്ലിം സമുദായത്തെ; സാദിഖലി തങ്ങള്‍
X

നാർക്കോട്ടിക്സ് ലവ് ജിഹാദ് പരാമർശങ്ങളിലൂടെ പാലാ ബിഷപ്പ് ലക്ഷ്യം വെച്ചത് മുസ്ലിം സമുദായത്തെ തന്നെയാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്ന ചില പരാമര്‍ശങ്ങള്‍ ബിഷപ്പില്‍ നിന്നുണ്ടായി. ആ പ്രസ്താവനയിലയില്‍ കേരളത്തിലെ എല്ലാ മുസ്ലിംങ്ങള്‍ക്കും മുസ്ലിം സംഘടനകള്‍ക്കും പ്രതിഷേധമുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

എന്നാല്‍ എന്നാല്‍ വളരെ പക്വതയോടെയാണ് മുസ്ലിം സമുദായം പരാമര്‍ശത്തോട് പ്രതികരിച്ചത്. ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ക്ക് അതേ നാണയത്തില്‍ ഒരു തിരിച്ചടി പ്രസ്താവന മുസ്ലിം സമുദായത്തില്‍ നിന്നുണ്ടായില്ല. എന്നാല്‍ ഇനിയും ഇത്തരത്തിലുള്ള ആവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതിനാല്‍ പാലാ ബിഷപ്പ് പരാമര്‍ശം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ചേർന്ന മുസ്ലിം സംഘടനകളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സൗഹാര്‍ദവും സാഹോദര്യത്തിനും ഭംഗം വരുത്തുന്നതിനുള്ള നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ഇത്തരം പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കിനില്‍ക്കാന്‍ പാടില്ല. ശക്തമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും സര്‍വ്വകക്ഷിയോഗം സ്വാഗതാര്‍ഹമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സമസ്ത കേരള ജംഇ യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, കേരള നദ്വത്തുല്‍ മുജാഹിദീന്‍ അടക്കമുള്ള 9 സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം യോഗം ചര്‍ച്ച ചെയ്തു.

Next Story