'മഴക്കാലമാണ് സൂക്ഷിക്കണം'; അപകടമൊഴിവാക്കാൻ മാർഗനിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്
കഴിയുന്നതും യാത്രകൾ ഒഴിവാക്കുകയാണ് ഉത്തമമെന്നും അതിന് കഴിയാത്ത സാഹചര്യങ്ങളിൽ അപകടമൊഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നത്
15 May 2022 5:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാന്‍ മാർഗനിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രെെവിംഗ് ഏറെ ദുഷ്കരമാകുന്ന സമയമാണ് മഴക്കാലമെന്നതിനാൽ അപകടങ്ങൾ ഇല്ലാതിരിക്കാൻ പാലിക്കേണ്ട ചില മാർഗനിർദേശങ്ങളും എംവിഡി നിർദേശിച്ചു. തുറന്ന് കിടക്കുന്ന ഓടകളും മാൻഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളുമെല്ലാം അപകടം സൃഷ്ടിക്കുന്നതാണ് എന്നു തുടങ്ങുന്നതാണ് എംവിഡിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കഴിയുന്നതും യാത്രകൾ ഒഴിവാക്കുകയാണ് ഉത്തമമെന്നും അതിന് കഴിയാത്ത സാഹചര്യങ്ങളിൽ അപകടമൊഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നത്. റോഡിൽ വെള്ളക്കെട്ടുള്ളപ്പോൾ അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. ചെറിയ അളവിലാണെങ്കിൽ പോലും ഇത് ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് പ്രതിഭാസത്തിന് കാരണമായേക്കുമെന്നും അപകടം വിളിച്ചുവരുത്തുമെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നുണ്ട്.
മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ വാഹനങ്ങൾ തമ്മിൽ അകലം പാലിച്ച് പോകണമെന്നും ഈർപ്പം മൂലം ബ്രേക്കിംഗ് സംവിധാനത്തിന്റെ പ്രവർത്തനക്ഷമത കുറയുമെന്നതിനാൽ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ലെന്നും വാഹന വകുപ്പ് ഓർമിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെന്ന പേരിൽ പതിനൊന്ന് മാർഗനിർദേശങ്ങളും എംവിഡി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നുണ്ട്. സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ എന്ന ടാഗ് ലെെനോടെ അവസാനിക്കുന്ന പോസ്റ്റിന് താഴെയായി പെരുമഴക്കാലമാണ് എന്ന തലക്കെട്ടോടുകൂടെയുള്ള എംവിഡിയുടെ പോസ്റ്ററും വകുപ്പ് പങ്കുവെച്ചു.
Story Highlights: Motor Vehicle Department with certain precautions in order to ensure safe ride in rainy season