Top

ആര്യൻ ഖാനെ കസ്റ്റ‍ഡിയിലെടുത്തത് കൊച്ചിയിൽ വന്നുപോയ ആഢംബര കപ്പലിൽ വെച്ച്; നീക്കങ്ങളുമായി ഷാരൂഖ്

മകനെ പുറത്തിറക്കാൻ പിതാവ് ഷാരുഖ് നിർണായക നീക്കങ്ങൾ നടത്തിയേക്കും. വിദേശ യാത്ര ഒഴിവാക്കി ഷാരുഖ് മുംബൈയിലെത്തിയിട്ടുണ്ട്.

3 Oct 2021 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്യൻ ഖാനെ കസ്റ്റ‍ഡിയിലെടുത്തത് കൊച്ചിയിൽ വന്നുപോയ ആഢംബര കപ്പലിൽ വെച്ച്; നീക്കങ്ങളുമായി ഷാരൂഖ്
X

മുംബൈ ആഡംബര കപ്പലിൽ നിന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിൽ കഴിഞ്ഞയാഴ്ചയെത്തിയ കൊർഡീലിയ എന്ന ആഡംബര കപ്പലിൽ വെച്ചാണ് താര പുത്രൻ അറസ്റ്റിലായിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ വിവരം. കണ്ടെടുത്ത കൊക്കെയ്ൻ, ഹഷീഷ്, എം.ഡി.എം.എ എന്നിവ കൊച്ചിയിൽ നിന്നാണോ എത്തിച്ചതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധിച്ചേക്കും.

മുംബൈയിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട കപ്പിലിൽ പുലർച്ചെ നാല് മണിയോടെയാണ് എൻസിബി അപ്രതീക്ഷിത പരിശോധന നടത്തുന്നത്. നിരോധിത ലഹരി മരുന്നുകൾ കണ്ടെടുത്തതോടെ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും കസ്റ്റഡിയിലെടുത്തു. ആര്യനെ ലഹരി പാർട്ടിക്ക് സംഘാടകർ അതിഥിയായി എത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആര്യനെ കൂടാതെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായുടെ മക്കളും പാർട്ടിയിലുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആര്യന്റെ പേര് ഉപയോ​ഗപ്പെടുത്തി സംഘടകർ കൂടുതൽ ആളുകളെ പാർട്ടിയിലെത്തിച്ചു. ആര്യനോട് മാത്രം പണം വാങ്ങാതെയാണ് ലഹരി പാർട്ടിക്ക് സംഘാടകർ എത്തിച്ചത്. ആര്യനെ മുൻനിർത്തി പാർട്ടിക്ക് കൂടുതൽ ആളുകളെ എത്തിക്കാനും ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലെത്തിയ ശേഷം ആഢംബര കപ്പൽ കൊർഡീലിയ എവിടെയൊക്കെ സഞ്ചരിച്ചുവെന്നത് പരിശോധിക്കും.

അതേസമയം ആര്യൻ ഖാനുൾപ്പെടെ എട്ടുപേരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തുവരികയാണ്. ലഹരി പാർട്ടിയിൽ നിരോധിത മയക്കുമരുന്നുകൾ ഉപയോ​ഗിച്ചത് സംബന്ധിച്ച് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു. ആര്യൻ ഖാൻറെ അടുത്ത സുഹൃത്തായ അർബാസ് മർച്ചൻറാണ് കേസിലെ മുഖ്യ കണ്ണിയെന്നാണ് എൻ.സി.ബിയുടെ നിഗമനം. ഇയാളെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കൊക്കെയ്ൻ ആരാണ് കപ്പലിൽ എത്തിച്ചതെന്ന വിവരം ആര്യൻ ഖാൻ അറിയാമെന്നാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന സൂചന.

മയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജെ സ്റ്റാൻ കോലെവ്, പ്രമുഖ ഡിജെമാരായ ബുൾസീ, ബ്രൗൺകോട്ട്, ദീപേഷ് ശർമ എന്നിവർ കപ്പലിൽ പരിപാടി അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ഇന്ത്യൻ ഡിജെ, മൊറോക്ക ഡിജെ എന്നിവയ്ക്കു പുറമേ എഫ്ടിവി പൂൾ പാർട്ടി, രണ്ടാം ദിനം രാത്രി എട്ടു മുതൽ പ്രത്യേക അഥിതികൾക്കായി ഓൾ ബ്ലാക്ക് പാർട്ടി എന്നിവയും തീരുമാനിച്ചിരുന്നു. അതേസമയം മകനെ പുറത്തിറക്കാൻ പിതാവ് ഷാരുഖ് നിർണായക നീക്കങ്ങൾ നടത്തിയേക്കും. വിദേശ യാത്ര ഒഴിവാക്കി ഷാരുഖ് മുംബൈയിലെത്തിയിട്ടുണ്ട്.

Popular Stories

    Next Story