Top

'ബെസോസ് സ്‌പേസിലായിരുന്നപ്പോള്‍ ഞങ്ങള്‍ ആളെ ചേര്‍ക്കുകയായിരുന്നു'; ആമസോണ്‍ ഉടമയ്ക്ക് നന്ദി പറഞ്ഞ് യൂണിയന്‍ നേതാവ്

തൊഴിലാളികള്‍ യൂണിയന്‍ രൂപീകരിക്കുന്നതിനെതിരെ ആമസോണ്‍ വഴി വിട്ട നീക്കങ്ങള്‍ നടത്തിയതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

2 April 2022 1:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബെസോസ് സ്‌പേസിലായിരുന്നപ്പോള്‍ ഞങ്ങള്‍ ആളെ ചേര്‍ക്കുകയായിരുന്നു; ആമസോണ്‍ ഉടമയ്ക്ക് നന്ദി പറഞ്ഞ് യൂണിയന്‍ നേതാവ്
X

ന്യൂയോര്‍ക്ക്: ആമസോണ്‍ ഉടമ ജെഫ് ബെസോസിന് പരിഹാസരൂപേണ നന്ദി പറഞ്ഞ് തൊഴിലാളി നേതാവ് ക്രിസ്റ്റിയന്‍ സ്‌മോള്‍സ്. ആമസോണ്‍ തൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ രൂപീകരിക്കാനുള്ള ആദ്യ ചുവടുവെയ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ക്രിസ് സ്‌മോള്‍സിന്റെ പ്രതികരണം. ബെസോസിന്റെ ശ്രദ്ധ മറ്റു മേഖലകളിലേക്ക് മാറിയതുകൊണ്ടാണ് തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതെന്ന് ക്രിസ് പറഞ്ഞു.

'സ്‌പേസിലേക്ക് പോയതിന് ഞങ്ങള്‍ ജെഫ് ബെസോസിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാരണം, അദ്ദേഹം അങ്ങ് ആകാശത്തായിരുന്നപ്പോള്‍ ഞങ്ങള്‍ ആളുകളെ ചേര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെ ആളുകളുടെ ഒപ്പ് സമാഹരിക്കുകയായിരുന്നു ആ സമയത്ത്', ക്രിസ് വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചു.

ആമസോണിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ കമ്പനി പുറത്താക്കിയ ജീവനക്കാരനാണ് ക്രിസ് സ്‌മോള്‍സ്. പുറത്താക്കിയതിന് ശേഷവും ക്രിസ് സംഘാടനം തുടര്‍ന്നു. തൊഴിലാളികള്‍ യൂണിയന്‍ രൂപീകരിക്കുന്നതിനെതിരെ ആമസോണ്‍ വഴി വിട്ട നീക്കങ്ങള്‍ നടത്തിയതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ആമസോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ബഹിരാകാശ ടൂറിസം മേഖലയില്‍ നടത്തുന്ന പരീക്ഷണങ്ങളെയാണ് ക്രിസ് ട്രോളിയത്. ലോക സമ്പന്നരില്‍ രണ്ടാം സ്ഥാനത്തുള്ള ബെസോസിന് 'ബ്ലൂ ഒറിജിന്‍' ന്നെ പേരില്‍ സ്വന്തമായി റോക്കറ്റ് കമ്പനിയുണ്ട്. അഞ്ചാം വയസ് മുതല്‍ ബഹിരാകാശ യാത്ര തന്റെ സ്വപ്‌നമാണെന്ന് ബെസോസ് പല തവണ പറഞ്ഞിട്ടുമുണ്ട്. നാസയുമായി സഹകരിച്ചുകൊണ്ടാണ് ആമസോണ്‍ ഉടമയുടെ ബഹിരാകാശ പരീക്ഷണങ്ങള്‍. 2021 ജൂലൈ 20ന് ബ്ലൂ ഒറിജിന്‍ നടത്തിയ ബഹിരാകാശ പ്രയാണത്തില്‍ യാത്രികനായി ബെസോസും ഉണ്ടായിരുന്നു. ബെസോസിന്റെ റോക്കറ്റ് കമ്പനി നാലാമത് വാണിജ്യ ടൂറിസം യാത്ര നടത്തിയത് രണ്ട് ദിവസം മുന്‍പാണ്.


ന്യൂയോര്‍ക്കിലെ ആമസോണിന്റെ പാക്കിങ്ങ് ഗോഡൗണ്‍ കേന്ദ്രമായ ജെഎഫ്കെ8-ലെ ജീവനക്കാരാണ് ചരിത്രത്തിലാദ്യമായി തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നതിന് അനുകൂല നിലപാടെടുത്തത്. തൊഴിലാളി സംഘടന രൂപീകരിക്കുന്നതിനെ പിന്തുണച്ച് 2,654 പേര്‍ വോട്ട് ചെയ്തു. 2,131 പേരാണ് യൂണിയന്‍ രൂപീകരണത്തെ എതിര്‍ത്തത്. യുഎസിലെ ഭീമന്‍ റീട്ടെയ്ല്‍ ശൃംഖലയില്‍ ലേബര്‍ യൂണിയന്‍ സ്ഥാപിതമാകുന്നത് വലിയ പ്രതീക്ഷയോടെയാണ് തൊഴിലാളികള്‍ കാണുന്നത്. ഇതിലൂടെ കമ്പനിയുടെ തൊഴിലാളി വിരുദ്ധനയങ്ങളെ നേരിടാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഡെലിവറി ജീവനക്കാരുടെ മേല്‍ ആമസോണ്‍ ചെലുത്തുന്ന നിയന്ത്രണത്തിന്റെ തോത് കുറക്കാനും, ജോലി സമയവും വേതനവും സംബന്ധിച്ച കാര്യങ്ങളില്‍ പ്രതികരിക്കാനും യൂണിയനുകള്‍ക്ക് സാധിക്കും.

Story Highlights: 'When Jeff Bezos was up there, we were signing people up' says ALU leader chris smalls

Next Story