Top

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും; 'ആദ്യ ഓപ്‌ഷൻ ലഭിച്ചവർ സ്ഥിര പ്രവേശനം നേടണം'

സീറ്റ് ക്ഷാമം രൂക്ഷമായതോടെ ആശങ്കകൾക്കിടയിലാണ് ഇത്തവണ പ്രവേശന നടപടികൾ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

23 Sep 2021 3:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും; ആദ്യ ഓപ്‌ഷൻ ലഭിച്ചവർ സ്ഥിര പ്രവേശനം നേടണം
X

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. രാവിലെ 9 മുതൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവേശനം നടക്കുക. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്‌ഷൻ ലഭിച്ചവർ സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്‌ഷനുകൾ ലഭിക്കുന്നവർക്ക് ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാമെന്നും അധികൃതർ അറിയിച്ചു. സീറ്റ് ക്ഷാമം രൂക്ഷമായതോടെ ആശങ്കകൾക്കിടയിലാണ് ഇത്തവണ പ്രവേശന നടപടികൾ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

സീറ്റ് ക്ഷാമം രൂക്ഷമായത് വെല്ലുവിളി നിലനിർത്തുന്ന സർക്കാർ ഉടനടി വിഷയത്തില്‍ പരിഹാരം കാണണമെന്ന ആവശ്യമാണ് വിദ്യാർത്ഥികള്‍ ഭാഗത്ത് നിന്നും ഉയരുന്നത്. 4,65,219 അപേക്ഷകരില്‍ 2,18,418 പേര്‍ക്കാണ് ആദ്യ ആലോട്ട്‌മെന്റില്‍ ഇടം നേടാന്‍ ആയത്. 52,718 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടയില്‍ മാത്രമാണ് ഇനി അഡ്മിഷന്‍ സാധിക്കുക. അരലക്ഷം സീറ്റിന് വേണ്ടി രണ്ട് ലക്ഷത്തിലധികം പേരാണ് കാത്തു നില്‍ക്കുന്നത്. സീറ്റ് ക്ഷാമം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

തിരുവനന്തപുരത്തും, പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലും 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ സീറ്റ് ക്ഷാമം രൂക്ഷമായി തുടരുകയാണ്..ഇഷ്ടപ്പെട്ട സ്‌കൂളും, കൊമ്പിമേഷനും ലഭിക്കാത്തവരും ഏറെയാണ്. തുടര്‍ പഠന സ്വപ്നങ്ങള്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.

അതിനിടെ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിലെ മാനദണ്ഡങ്ങളില്‍ ഇന്ന് തീരുമാനമാവും. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ഉന്നതതല യോഗം വിഷയം ചര്‍ച്ച ചെയ്യുന്നത്. വിദ്യാഭ്യാസ- ആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. സംസ്ഥാന തലത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി യോഗം തയാറാക്കും. വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ക്രമീകരണം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖകള്‍ തയ്യാറാക്കുകയാണ് വിദ്യാഭ്യാസആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള യോഗത്തിന്റെ പ്രധാന ലക്ഷ്യം. നവംബര്‍ ഒന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകള്‍. പ്രൈമറി തലം മുതല്‍ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.

അതേസമയം, കുട്ടികളുടെ യാത്രയ്ക്ക് ഗതാഗത വകുപ്പ് മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത മാസം 20 ന് മുന്‍പ് സ്‌കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തിയാക്കും. മാത്രമല്ല, ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

Next Story