Top

ദുരന്തം ബാക്കിയാക്കിയതൊക്കെ മണ്ണിനടിയില്‍ പുതഞ്ഞു കിടപ്പുണ്ട്; പുത്തുമല ഉരുള്‍പൊട്ടലിന് ഇന്ന് മൂന്നാണ്ട്

പതിനേഴ് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. കാണാതായ അഞ്ചുപേര്‍ ഇപ്പോഴും വേദനയായി തുടരുകയാണ്.

8 Aug 2022 7:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുരന്തം ബാക്കിയാക്കിയതൊക്കെ  മണ്ണിനടിയില്‍ പുതഞ്ഞു കിടപ്പുണ്ട്; പുത്തുമല ഉരുള്‍പൊട്ടലിന് ഇന്ന് മൂന്നാണ്ട്
X

പുത്തുമല: കുത്തിയൊലിച്ചു വന്ന മഴ കൊണ്ടു പോയത് ഒരു ഗ്രാമത്തെയാകെയാണ്. ഇനിയും കണ്ണീര്‍ തോര്‍ന്നിട്ടില്ല. പതിനേഴുപേരുടെ ജീവനെടുത്ത പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് മൂന്നാണ്ട് തികയുകയാണ്.

2019 ആഗസ്റ്റ് എട്ടിന് നിര്‍ത്താതെ പെയ്ത മഴയില്‍ പുത്തുമലയുടെ മുകളില്‍ നിന്ന് ഉരുള്‍ പൊട്ടി. ഒന്നോടി രക്ഷപ്പെടാന്‍ പോലും കഴിയുന്നതിനു മുന്‍പ് ഒരു ഗ്രാമം മുഴുവന്‍ മണ്ണും ചെളിയും പാറക്കൂട്ടങ്ങളും കൊണ്ട മൂടികഴിഞ്ഞിരുന്നു.വീടുകള്‍, ആരാധനാലയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ അങ്ങനെ ഒരായുസ്സിന്റെ മുഴുവന്‍ സമ്പാദ്യവും കൊണ്ടാണ് മലവെള്ളം ഇറങ്ങിപ്പോയത്.

പതിനേഴ് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. കാണാതായ അഞ്ചുപേര്‍ ഇപ്പോഴും വേദനയായി തുടരുകയാണ്. ദുരന്തം ബാക്കിയാക്കിയതൊക്കെ ഇപ്പോഴും മണ്ണിനടിയില്‍ പുതഞ്ഞു കിടപ്പുണ്ട്. കാടുപിടിച്ചു കിടക്കുന്ന ഓര്‍മ്മകള്‍ പോലെ, ദുരന്തം നേരില്‍ക്കണ്ടവര്‍ക്ക് ആ നടുക്കം വിട്ടുമാറിയിട്ടില്ല.

പുത്തുമലയില്‍ ഇന്നും ഭീതി ഒഴിഞ്ഞിട്ടില്ല. ഒച്ചത്തിലുള്ള ഒരു ശബ്ദം പോലും അവരെ പേടിപ്പിക്കുന്നുണ്ട്. അവശേഷിക്കുന്ന ജീവിതങ്ങള്‍ക്ക് ഓരോ മഴക്കാലവും പേടിയുടേതാണ്.

ദുരന്തബാധിതരുടെ പുനരധിവാസം ഏതാണ്ട് പൂര്‍ത്തിയായി. ഉറ്റവരുടെ ഓര്‍മ്മയും സ്വന്തം മണ്ണും ഉപേക്ഷിച്ച് പോകേണ്ടി വന്ന മനുഷ്യരുടെ വേദന ഇപ്പോഴും വിങ്ങലായി തുടരുന്നു. ഒരു പരിഹാരവും അവരുടെ നഷ്ടത്തിനു പകരമാവില്ലെങ്കിലും, മഴ കൊള്ളാതെ ജീവിതം കരുപിടിപ്പിക്കുകയാണ് ആ മനുഷ്യരിപ്പോള്‍.

Story Highlights: All that remains of the calamity lies buried under the soil; Today is three years of Puthumala landslide

Next Story