Top

പെണ്‍കുട്ടികളുടെ അണ്ഡം വില്‍ക്കുന്നതായി ആരോപണം; തമിഴ്‌നാട്ടില്‍ നാല് ആശുപത്രികള്‍ അടച്ചുപൂട്ടി

കുറ്റകൃത്യത്തിലെ പങ്കാളിത്തം കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും ഓരോ ആശുപത്രികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ആരോഗ്യ സെക്രട്ടറി ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന

14 July 2022 12:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെണ്‍കുട്ടികളുടെ അണ്ഡം വില്‍ക്കുന്നതായി ആരോപണം; തമിഴ്‌നാട്ടില്‍ നാല് ആശുപത്രികള്‍ അടച്ചുപൂട്ടി
X

ചെന്നൈ: പതിനാറുകാരിയുടെ അണ്ഡകോശം വില്‍പന നടത്തിയെന്നാരോപിച്ച് തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. വിവിധ ഫെര്‍ട്ടിലിറ്റി സെന്ററുകളിലേക്ക് എട്ട് തവണ തന്റെ അണ്ഡകോശങ്ങള്‍ ദാനം ചെയ്യാന്‍ പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ചെന്ന കണ്ടെത്തലിനേത്തുടര്‍ന്നാണിത്.

21നും 35നും ഇടയില്‍ പ്രായമുള്ള, വിവാഹിതയായി ഒരു കുട്ടിയുള്ള സ്ത്രീക്ക് മാത്രമേ അണ്ഡകോശങ്ങള്‍ ദാനം ചെയ്യാന്‍ അനുവാദമുള്ളൂ. ഈ സാഹചര്യത്തില്‍ 16കാരിയായ പെണ്‍കുട്ടി പലതവണ ഇതിന് നിര്‍ബന്ധിതയായത് അന്വേഷണ സമിതി സ്ഥിരീകരിച്ചെന്ന് സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ പ്രതികരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതായി കാണിക്കാന്‍ ആധാര്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിക്കുകയും, ഒരു സാങ്കല്‍പ്പിക ഭര്‍ത്താവിന്റെ സമ്മതം ഇവര്‍ സൃഷ്ടിച്ചെടുത്തെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി ആക്ട് ലംഘിച്ചുവെന്നാണ് ആശുപത്രികള്‍ക്കെതിരെയുള്ള ആരോപണം. ആശുപത്രികളില്‍ യോഗ്യതയുള്ള കൗണ്‍സിലര്‍മാരില്ലെന്നും നടപടിക്രമത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ദാതാവായ പെണ്‍കുട്ടിക്ക് ഉപദേശം നല്‍കിയിരുന്നില്ലെന്നും അന്വേഷണ സമിതി കണ്ടെത്തി. പോക്‌സോ പ്രകാരമുള്ള നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

ഈ ആശുപത്രികള്‍ക്ക് 50 ലക്ഷം വരെ പിഴ ചുമത്താമെന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി ആക്ട് പ്രകാരം പത്ത് വര്‍ഷം തടവ് ലഭിക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു.

ഇവിടുത്തെ രോഗികളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ആശുപത്രി അടച്ചിടാന്‍ രണ്ടാഴ്ച സമയം നല്‍കും. ഇതില്‍ രണ്ട് ആശുപത്രികള്‍ക്ക് സംസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ള എംപാനല്‍മെന്റ് നഷ്ടമാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കുറ്റകൃത്യത്തിലെ പങ്കാളിത്തം കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും ഓരോ ആശുപത്രികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ആരോഗ്യ സെക്രട്ടറി ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.

Story highlights: Four hospitals were closed in Tamil Nadu

Next Story