Top

അസമിൽ ജനങ്ങൾക്ക് നേരെ പൊലീസ് വെടിവെപ്പ്, ക്രൂര മർദ്ദനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

കയ്യേറ്റക്കാര്‍ ആക്രമിച്ചപ്പോഴാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നാണ് പൊലീസിന്റെ പക്ഷം.

23 Sep 2021 4:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസമിൽ ജനങ്ങൾക്ക് നേരെ പൊലീസ് വെടിവെപ്പ്, ക്രൂര മർദ്ദനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
X

അസമിലെ ധോല്‍പ്പൂരില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്കിടെ പൊലീസും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പ്രദേശവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ക്കും ഒട്ടേറെ പ്രദേശവാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് വെടിവെച്ചു.

അതേസമയം, സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഒരു വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

എന്നാല്‍ കയ്യേറ്റക്കാര്‍ ആക്രമിച്ചപ്പോഴാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നാണ് പൊലീസിന്റെ പക്ഷം. പ്രദേശവാസികള്‍ വടികളും കല്ലുകളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായാണ് ആരോപണം. നടപടി വിവാദമായ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ച് പൊലീസ് പിന്‍ വാങ്ങിയെന്നാണ് വിവരം.

പ്രതിഷേധക്കാർ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്കിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. കാര്‍ഷിക പദ്ധതിക്കായി ഭൂമി തിരിച്ചുപിടിക്കുന്നതിന് ജൂണില്‍ തന്നെ സര്‍ക്കാര്‍ തീരുമാനിമെടുത്തതാണെന്നും കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു എന്നുമാണ് സര്‍ക്കാര്‍ വാദം. 800 വീടുകള്‍ ഇതിനകം പദ്ധതിക്കായി ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, അസമില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വെടിവെപ്പാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ധോല്‍പുര്‍ ശിവമന്ദിരത്തിന് സമീപം അനധികൃത കുടിയേറ്റക്കാര്‍ കൈയേറിയ ഭൂമി സന്ദർശിച്ചിരുന്നു. പ്രദേശത്തെ അനധികൃത താമസക്കാരുടെ കൈവശമുള്ള 120 ബിഘാസ് (നേപ്പാളിലെ ഭൂമി അളവ്) ഭൂമി ജില്ലാ ഭരണകൂടം അസം പൊലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ചു. നമ്മുടെ ഭൂമിയെയും ആസാമീസ് സ്വത്വത്തെയും കയ്യേറ്റക്കാരില്‍ നിന്നും നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനായി അസമിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇത്തരം കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നും നേരത്തെ പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Popular Stories

    Next Story