Top

രണ്ട് വര്‍ഷം; 108 ആംബുലന്‍സുകള്‍ ഓടിയത് 4 ലക്ഷം ട്രിപ്പുകള്‍

സേവനപാതയില്‍ 316 ആംബുലന്‍സുകളും 1500 ജീവനക്കാരും സജ്ജമാണ്

26 Sep 2021 9:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ട് വര്‍ഷം; 108 ആംബുലന്‍സുകള്‍ ഓടിയത് 4 ലക്ഷം ട്രിപ്പുകള്‍
X

തിരുവനന്തപുരം: രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത് 4 ലക്ഷം ട്രിപ്പുകള്‍. സേവനപാതയില്‍ 316 ആംബുലന്‍സുകളും 1500 ജീവനക്കാരും സജ്ജമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബര്‍ 25നാണ് സംസ്ഥാനത്തെ നിരത്തുകളില്‍ കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമായി തുടങ്ങിയത്. 2 വര്‍ഷം പിന്നിടുമ്പോള്‍ 4,23,790 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ ഇതുവരെ ഓടിയത്.

കോവിഡ് കഴിഞ്ഞാല്‍ ഹൃദ് രോഗ സംബന്ധമായ അത്യാഹിതങ്ങളില്‍ പെട്ടവര്‍ക്ക് വൈദ്യ സഹായം എത്തിക്കാന്‍ ഓടിയ ട്രിപ്പുകള്‍ ആണ് അധികം. 18,837 ട്രിപ്പുകളാണ് ഈ ഇനത്തില്‍ ഓടിയത്. 16,513 ട്രിപ്പുകള്‍ വാഹനാപകടങ്ങളില്‍ പരിക്ക് പറ്റിയവര്‍ക്ക് വൈദ്യ സഹായം നല്‍കുവാനും 13,969 ട്രിപ്പുകള്‍ മറ്റ് അപകടങ്ങളില്‍ പരിക്ക് പറ്റിയവര്‍ക്ക് വൈദ്യ സഹായം നല്‍കുവാനും 3,899 ട്രിപ്പുകള്‍ ഗര്‍ഭ സംബന്ധമായ അത്യാഹിതങ്ങളില്‍ പെട്ടവര്‍ക്ക് വൈദ്യ സഹായം നല്‍കുവാനും 9,571 ട്രിപ്പുകള്‍ ശ്വാസ കോശ സംബന്ധമായ അത്യാഹിതങ്ങളില്‍ പെട്ടവര്‍ക്ക് വൈദ്യ സഹായം നല്‍കുവാനും 3,653 ട്രിപ്പുകള്‍ വിഷബാധ ഏറ്റ് അത്യാഹിതങ്ങളില്‍ പെട്ടവര്‍ക്ക് വൈദ്യ സഹായം നല്‍കുവാനും വേണ്ടി കനിവ് 108 ആംബുലന്‍സുകള്‍ ഓടി. ഇത് കൂടാതെ പക്ഷാഘാതം, ജെന്നി ഉള്‍പ്പടെയുള്ള നിരവധി വിവിധ അത്യാഹിതങ്ങളില്‍ പെട്ടവര്‍ക്കും വൈദ്യ സഹായം എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് സാധിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108കള്‍ ഓടിയത്. രണ്ട് വര്‍ഷത്തിനിടയില്‍ 56,115 ട്രിപ്പുകള്‍ ആണ് തലസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത്. കൊല്ലം 30,554, പത്തനംതിട്ട 19,933, ആലപ്പുഴ 32,058, കോട്ടയം 27,933, ഇടുക്കി 12,426, എറണാകുളം 29,123, തൃശ്ശൂര്‍ 33,118, പാലക്കാട് 46,837, മലപ്പുറം 40,230, കോഴിക്കോട് 31,685, വയനാട് 15,438, കണ്ണൂര്‍ 29,047, കാസര്‍കോട് 19,293 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടിയ ട്രിപ്പുകളുടെ എണ്ണം. ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉള്‍പ്പടെ 36 പേരുടെ പ്രസവനങ്ങള്‍ കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാനത്ത് കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കനിവ് 108 ആംബുലന്‍സുകളുടെ സേവനം സജ്ജമാക്കിയിരുന്നു. ഇതുവരെ 3,17,780 കോവിഡ് അനുബന്ധ ട്രിപ്പുകളാണ് കനിവ് 108 ആംബുലന്‍സുകള്‍ സംസ്ഥാനത്ത് ഓടിയത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ എമര്‍ജന്‍സി മാനേജ്മമെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതല. അടിയന്തിരഘട്ടങ്ങളില്‍ പൊതുജനത്തിന് 108 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ സൗജന്യ ആംബുലന്‍സ് സേവനം ലഭിക്കുന്നതാണ്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിലേക്ക് ആണ് 108 ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. ഇവിടെ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര്, രോഗിയുടെ വിവരങ്ങള്‍, എന്ത് അത്യാഹിതം ആണ് സംഭവിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം ജി.പി.എസിന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ അടുത്തുള്ള കനിവ് 108 ആംബുലന്‍സ് വിന്യസിക്കുന്നതാണ് രീതി. ഓരോ ആംബുലന്‍സിലും പരിചയ സമ്പന്നരായ ഡ്രൈവര്‍, നേഴ്‌സ് എന്നിവരാണ് ഓരോ ഉള്ളത്.

Popular Stories

    Next Story