അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയത് ഒരാഴ്ചമുന്പ്, നിഥിനയുടെ അമ്മയ്ക്കും ഭീഷണി സന്ദേശം; കൊലപാതകം ആസൂത്രിതമെന്ന് സൂചന
അഭിഷേകിനെ ഇന്ന് കൂത്താട്ടുകുളത്തെ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും
2 Oct 2021 3:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയായ നിഥിനമോളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രതി അഭിഷേകിന്റെ പുതിയ മൊഴി. കൊലപാതകത്തിന് ഒരാഴ്ച മുന്‍പ് പുതിയ ബ്ലേഡ് വാങ്ങിയിരുന്നതായി അഭിഷേക് പാലാ ഡിവൈഎസ്പി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ മൊഴി നല്കി.
ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നും പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചിരുന്നതായും പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി മൂര്‍ച്ചയേറിയ പുതിയ ബ്ലേഡ് ഇട്ടാണ് കോളേജിലേക്ക് എത്തിയതെന്നുമാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. മൊഴി പ്രകാരം അഭിഷേകിനെ ഇന്ന് കോളേജിന് പുറമെ കൂത്താട്ടുകുളത്തെ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനായി പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം.
വിവാഹാഭ്യാര്‍ത്ഥന നിഷേധിച്ചതോടെ അഭിഷേക് നിഥിനമോളുടെ അമ്മ ബിന്ദുവിന് ഭീഷണി സന്ദേശം അയച്ചിരുന്നതായും അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫോണില്‍ നിന്നും നഷ്ടപെട്ടെന്ന് പറയപ്പെടുന്ന ഈ സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ഫോണും പൊലീസ് പരിശോധിക്കും.
ഇന്നലെ രാവിലെയോടെയായിരുന്നുപാലാ സെന്റ് തോമസ് കോളേജിനകത്ത് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നിഥിനയെ കൊലപ്പെടുത്തിയത് പ്രണയ നൈരാശ്യം കാരണമാണെന്ന് പ്രതി അഭിഷേക് ഇന്നലെ മൊഴി നല്‍കിയിരുന്നു. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകല്‍ച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നുമായിരുന്നു അഭിഷേകിന്റെ മൊഴി.
അതേസമയം, നിഥിനയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ആയുധം കൊണ്ടുവന്നത് സ്വയം കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനാണെന്നുമുള്ള അഭിഷേകിന്റെ ഇന്നലത്തെ മൊഴി പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പുനപരിശോധിക്കപ്പെട്ടേക്കും.