തിരുവനന്തപുരം: ചലച്ചിത്ര പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഇരു പുരസ്‌കാര പ്രഖ്യാപനവും ഒരേ ദിവസം തന്നെ നടക്കുന്നതിന്റെ ആകാക്ഷയിലാണ് പ്രേക്ഷകര്‍. രണ്ടിലും മമ്മൂട്ടിയുടെ മികച്ച സിനിമകള്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മികച്ച സിനിമകള്‍ പുറത്തിറങ്ങിയ ഈ വര്‍ഷം പുരസ്‌കാരത്തില്‍ കടുത്ത മത്സരങ്ങള്‍ നടന്നതായാണ് സൂചന. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലുള്ള കടുത്ത മത്സരം നടക്കുന്ന മികച്ച നടനുള്ള പുരസ്‌കാരമാര്‍ക്കെന്ന് തന്നെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിച്ച പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ആടു ജീവിതത്തിലെ നജീബിനെ അവതരിപ്പിച്ചാണ് അന്തിമപട്ടികയില്‍ പൃഥ്വിരാജ് ഇടം പിടിച്ചത്. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദി കോര്‍ എന്നീ സിനിമകളുടെ അഭിനയത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്. കാതലിലെ മാത്യു ദേവസ്സിയും കണ്ണൂര്‍ സ്‌ക്വാഡിലെ ജോര്‍ജ്ജ് മാര്‍ട്ടിനും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ദ്വന്ത മുഖങ്ങളാണ് ഇത്തവണ ജൂറിയുടെ മുന്നിലെത്തിയത്.
ഒരേ സിനിമയിലെ തന്നെ രണ്ട് നടിമാരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരത്തിനുണ്ട്. പാര്‍വ്വതി തിരുവോത്ത്, ഉര്‍വ്വശി എന്നിവരാണ് നടിമാരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ മത്സരിച്ചുള്ള അഭിനയത്തില്‍ ഇരുവരും പ്രേക്ഷക പ്രശംസ നേടിയിരുന്നു.
അവരവരുടെ ശരികളിലൂടെ മാത്രം സഞ്ചരിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് പറഞ്ഞത്. സ്ത്രീകളുടെ ഭാഗത്ത് നിന്ന് മാത്രം കാണാനും ചിന്തിക്കാനും കഴിയുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. സമകാലിക ചലച്ചിത്രാനുഭവത്തില്‍ സ്ത്രീകള്‍ അപ്രസക്തമാവുമ്പോഴാണ് വ്യത്യസ്തമായ അവതരണാനുഭവവുമായി ഉള്ളൊഴുക്ക് തിയറ്ററില്‍ എത്തിയത്. അതിനുള്ള അംഗീകാരം ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
2018, ആടുജീവിതം, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് ഉള്‍പ്പെടെ ഒരു ഡസനിലേറെ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ പരിഗണിക്കപ്പെടുന്നു. ആദ്യഘട്ടത്തില്‍ 150 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. രണ്ടാംഘട്ടത്തില്‍ അത് 50 ആയി ചുരുങ്ങി. പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട പല ചിത്രങ്ങളും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. നവാഗതരുടെ 84 ചിത്രങ്ങള്‍ മത്സരത്തിന് എത്തിയിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്‌കാരം നിര്‍ണയിച്ചത്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ രണ്ട് സ്റ്റുഡിയോകളിലാണ് ഇത്തവണയും പുരസ്‌കാരനിര്‍ണയം നടത്തിയത്. ഇന്ന് രാവിലെ 12ന് സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.
മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നാലാമതും സ്വന്തമാക്കുമോ എന്നതും സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നുണ്ട്. മമ്മൂട്ടിയും കന്നഡ നടന്‍ റിഷഭ് ഷെട്ടിയും തമ്മിലാണ് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടനുള്ള മത്സരം. മമ്മൂട്ടിയെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനാക്കിയ നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പകര്‍ന്നാട്ടമാണ് മികച്ച നടന്റെ അന്തിമപട്ടികയിലെത്തിച്ചത്. ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തില്‍ ജെയിംസായും സുന്ദരമായും മമ്മൂട്ടി വിസ്മയിപ്പിക്കുകയായിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡും നന്‍പകല്‍ നേടിയേക്കുമെന്നാണ് സൂചന. നിസാം ബഷീര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായ റോഷാക്കിലെ ലൂക്ക് ആന്റണി എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.
വിവിധ ഭാഷകളില്‍ തരംഗം സൃഷ്ടിച്ച കാന്താരയിലെ അഭിനയമാണ് റിഷഭ് ഷെട്ടിയെ അന്തിമ പട്ടികയിലെത്തിച്ചത്. കേരളത്തിലും ചിത്രം വന്‍ പ്രദര്‍ശനവിജയം നേടിയിരുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേയും പ്രശസ്ത നടി നര്‍ഗീസ് ദത്തിന്റേയും പേരുകള്‍ ഒഴിവാക്കിയതിന് ശേഷമുള്ള പുരസ്‌കാര പ്രഖ്യാപനമാണ് ഇത്തവണത്തേത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ നിന്ന് ഇന്ദിരാഗാന്ധിയുടേയും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നിന്ന് നര്‍ഗീസ് ദത്തിന്റേയും പേരുകള്‍ ഒഴിവാക്കിയിരുന്നു. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡിന് ഉള്‍പ്പെടെ പുരസ്‌കാര തുക കൂട്ടിയതും ഇത്തവണത്തെ പ്രത്യേകതയാണ്. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരത്തിനായി പരിഗണിക്കുക.