'അന്നപൂരണി' നീക്കം ചെയ്തു; നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ വീണ്ടും പരാതി

മുംബൈ പൊലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ സിനിമ പിൻവലിച്ചിരുന്നു
'അന്നപൂരണി' നീക്കം ചെയ്തു; നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ വീണ്ടും പരാതി

'അന്നപൂരണി- ദ ഗോഡസ് ഓഫ് ഫുഡ്' നെറ്റ്ഫ്ലിക്സ് പിൻവലിച്ചതിന് പിന്നാലെ നയൻതാരയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനും എതിരെ വീണ്ടും പരാതി. നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗിൽ, നയൻതാര, സിനിമയുടെ നിർമ്മാതാക്കൾ എന്നിവർക്കെതിരെ മധ്യപ്രദേശിലെ ജബൽപൂരിൽ ഒരു വലതുപക്ഷ സംഘടനയാണ് പരാതി നൽകിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് മുംബൈ പൊലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ്, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്കെതിരെയായിരുന്നു കേസ്. ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്നും ശ്രീരാമനോട് അനാദരവ് കാണിച്ചെന്നും സിനിമയിലൂടെ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിച്ചുവെന്നുമായിരുന്നു പരാതിയിലെ ആരോപണം. രമേഷ് സോളങ്കി(ഹിന്ദു ഐടി സെൽ)യാണ് മുംബൈ പൊലീസിൽ പരാതി നൽകിയത്.

ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു. മതവികാരം വൃണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത് ചിത്രത്തിൻറെ നിർമ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെൻറ് ആർട്സും ചേർന്നാണ്.

ഡിസംബർ ഒന്നിനാണ് അന്നപൂരണി തിയേറ്ററുകളിൽ എത്തിയത്. കാര്യമായ ചലനമുണ്ടാക്കാതെ പോയ സിനിമ ഡിസംബർ 29ന് നെറ്റ്ഫ്ലിക്സിൽ എത്തി. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും പരാതി നൽകുകയുമായിരുന്നു.

ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജൻ എന്ന കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരു പാചകവിദഗ്ധയാവാൻ ആഗ്രഹിക്കുന്നയാളാണ് കഥാപാത്രം. ജയ് അവതരിപ്പിക്കുന്ന ഫർഹാൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. സസ്യേതര ഭക്ഷണം പാകം ചെയ്യാൻ പല പ്രതിസന്ധികളും അന്നപൂരണി നേരിടുന്നുണ്ട്. ശ്രീരാമൻ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയൻതാരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുമ്പ് അന്നപൂരണി നിസ്കരിക്കുന്നുമുണ്ട്. ഇക്കാര്യങ്ങളും ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com