Top

ദയാവധം നിയമവിധേയമാക്കാനുറച്ച് ന്യൂസീലന്‍ഡ്; ജനഹിത പരിശോധനയില്‍ നേടിയത് 65.2% വോട്ട്

രോഗങ്ങള്‍ മൂലം കഠിനവേദന അനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതം എപ്പോള്‍ എങ്ങനെ അവസാനിപ്പിക്കാമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി ന്യൂസീലന്‍ഡ് ജനത.

30 Oct 2020 1:15 AM GMT

ദയാവധം നിയമവിധേയമാക്കാനുറച്ച് ന്യൂസീലന്‍ഡ്; ജനഹിത പരിശോധനയില്‍ നേടിയത് 65.2% വോട്ട്
X

രോഗങ്ങള്‍ മൂലം കഠിനവേദന അനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതം എപ്പോള്‍ എങ്ങനെ അവസാനിപ്പിക്കാമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി ന്യൂസീലന്‍ഡ് ജനത. ജനഹിത പരിശോധനയിലൂടെ ആണ് രോഗികള്‍ക്കായുള്ള ദയാവധം നിയമവിധേയമാക്കാന്‍ ന്യൂസിലാന്റ് ജനത വോട്ടുചെയ്തത്.

ഒക്ടോബര്‍ 17ന് ന്യൂസിലാന്‍ഡില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് ദയാവധം നിയമവിധേയമാക്കണോ എന്ന ചോദ്യം പ്രത്യക്ഷപ്പെട്ടത്. കഞ്ചാവിന്റെ ഉപയോഗവും നിയമത്തിന്റെ പരിരക്ഷയില്‍ കൊണ്ടുവരണോ എന്നതും ഇതിലുള്‍പ്പെട്ടിരുന്നു എങ്കിലും പ്രാഥമിക റൗണ്ടില്‍ തന്നെ പിന്തുണ ലഭിക്കാതെ തള്ളിപ്പോകുകയായിരുന്നു.

ജനഹിത പരിശോധന അനുകൂലമായെങ്കിലും ദയാവധം നിയമമാകാന്‍ ഇനിയും 12 മാസം എടുക്കുമെന്നും 2021 നവംബര്‍ 6 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ദയാവധം നടപ്പിലാക്കാന്‍ ‘അസിസ്റ്റഡ് ഡൈയിങ് ‘ എന്ന സംവിധാനവുമായി ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടവും ഉണ്ടാകും. ഒരു ഡോക്ടറുടെ സാന്നിധ്യത്തിലും സഹായത്തോടെയും നടത്തുന്ന ആത്മഹത്യയെ സൂചിപ്പിക്കുന്ന പദമാണ് ‘അസിസ്റ്റഡ് ഡൈയിങ്.

ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിച്ച പ്രാഥമിക ഫലങ്ങളില്‍ 65.2% വോട്ടര്‍മാര്‍ ദയാവധം നിയമവിധേയം ആക്കുന്നതിന് സമ്മതം രേഖപ്പെടുത്തിയപ്പോള്‍ 33.8% പേര്‍ വേണ്ട എന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം ന്യൂസിലാന്റുകാരില്‍ 46.1% പേര്‍ മാത്രമാണ് കഞ്ചാവ് നിയമവിധേയമാക്കാന്‍ വോട്ട് ചെയ്തത്, 53.1% പേര്‍ ഈ വിഷയത്തില്‍ വോട്ട് ചെയ്തിട്ടില്ല.

പ്രസ്തുത ജനഹിത പരിശോധനാ ഫലങ്ങളില്‍ ഏതാണ്ട് അരലക്ഷത്തോളം വോട്ടുകള്‍ ഉള്‍പ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതായത് ഈ രണ്ടു വിഷയങ്ങളും സംബന്ധിച്ച അന്തിമ ഫലങ്ങള്‍ നവംബര്‍ 6ന് മാത്രമേ സ്ഥിരീകരിക്കാനാവൂ.

2019ല്‍ പാര്‍ലമെന്റില്‍ പാസ്സായ ‘എന്‍ഡ് ഓഫ് ലൈഫ് ചോയ്‌സ് ആക്റ്റി’നെ അടിസ്ഥാനമാക്കിയാണ് ദയാവധത്തിനുള്ള അഭിപ്രായ വോട്ടെടുപ്പ് നടന്നത്. ന്യൂസിലാന്റ് നിയമപ്രകാരം, 50% ല്‍ കൂടുതല്‍ വോട്ടര്‍മാര്‍ റഫറണ്ടം ബാലറ്റില്‍ ‘അതെ’ എന്ന് രേഖപ്പെടുത്തിയാല്‍ മാത്രമേ ഈ നിയമം പ്രാബല്യത്തില്‍ വരൂ.

പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ മുതല്‍ പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിന്‍സ് വരെയുള്ള വ്യത്യസ്ത രാഷ്ട്രീയകക്ഷികള്‍ വ്യാപകമായ പിന്തുണയാണ് ദയാവധത്തിന് നല്‍കിയിട്ടുള്ളത്. അസിസ്റ്റഡ് ഡൈയിങ് അഥവാ ദയാവധം നിയമവിധേയം ആക്കിയിട്ടുള്ള ലോകത്തിലെ ഏഴാമത്തെ രാജ്യമാണ് ന്യൂസിലാന്‍ഡ്.

ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിനമാണ് എന്ന് പ്രചാരക മേരി പാങ്കോ അഭിപ്രായപ്പെടുന്നു.” ‘കിവി’കള്‍ പതിറ്റാണ്ടുകളായി അവരുടെ സ്വന്തം ആഗ്രഹമനുസരിച്ച് മരിക്കാനുള്ള അവകാശം ആവശ്യപെട്ടിരുന്നു എന്നും എല്ലായ്‌പ്പോഴും ആഗ്രഹിചിരുന്നു എന്നും ഞങ്ങള്‍ക്കറിയാം,” പാങ്കോ അഭിപ്രായപ്പെട്ടു.

ഈ നിയമം അനുസരിച്ചു ന്യൂസിലാന്റ് പൗരന്മാരായ 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കും, ആറ് മാസത്തിനുള്ളില്‍ മരണപ്പെട്ടേക്കാവുന്ന മാരകമായ അസുഖം ബാധിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആണ് ദയാവധത്തിനായി അപേക്ഷിക്കാന്‍ കഴിയുക. ശാരീരിക ക്ഷമത കുറഞ്ഞുവരുന്നവര്‍ക്കും, നിരന്തരമായി അവശതകളും കഷ്ടപ്പാടുകളും സഹിക്കുന്നവര്‍ക്കും അവരുടെ മരണത്തെക്കുറിച്ച് ഒരു തീരുമാനം എടുക്കാം എന്നും നിയമം വ്യക്തമാക്കുന്നു.

മാനസികരോഗമോ തകര്‍ച്ചയോ അനുഭവിക്കുന്നവര്‍ക്ക് ദയാവധത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. വാര്‍ധക്യം, വൈകല്യം തുടങ്ങിയവയും ദയാവധത്തിന് അപേക്ഷിക്കുവാനുള്ള കാരണങ്ങളായി പരിഗണിക്കുന്നതല്ല. കൂടാതെ ദയാവധത്തിനുള്ള തീരുമാനത്തില്‍ രണ്ടു ഡോക്ടര്‍മാരുടെ ഒപ്പ് നിര്‍ബന്ധമാണ്. രണ്ടില്‍ ഒരാള്‍ക്ക് സംശയം തോന്നിയാല്‍ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടാം, നിയമം അനുശാസിക്കുന്നു.

Next Story