Top

കെ. സുധാകരന് മുന്നില്‍ കൊടിക്കുന്നില്‍ മുട്ടുമടക്കും?; ഗ്രൂപ്പുകളെ ഒതുക്കാന്‍ തിരക്കിട്ട നീക്കം

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പിന്തുണ ആര്‍ക്കാണെന്ന് വ്യക്തമായിട്ടില്ല.

7 Jun 2021 11:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ. സുധാകരന് മുന്നില്‍ കൊടിക്കുന്നില്‍ മുട്ടുമടക്കും?; ഗ്രൂപ്പുകളെ ഒതുക്കാന്‍ തിരക്കിട്ട നീക്കം
X

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍. കെ. സുധാകര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്താതിരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ സംയുക്ത നീക്കം നടത്തുന്നതായിട്ടാണ് സൂചനകള്‍. കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഗ്രൂപ്പുകളുടെ എതിര്‍പ്പ് മറികടക്കാന്‍ സുധാകരനെ അനുകൂലിക്കുന്ന നേതാക്കളുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് അഭ്യൂഹം.

അതേസമയം രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പിന്തുണ ആര്‍ക്കാണെന്ന് വ്യക്തമായിട്ടില്ല. മൂവരുടെയും അഭിപ്രായം മുഖവിലയ്‌ക്കെടുക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. പാര്‍ട്ടിയുടെ സുപ്രധാന നേതാക്കള്‍ എന്ന നിലയ്ക്ക് മൂവരുടെയും തീരുമാനങ്ങള്‍ നിര്‍ണായകമാവും.

അധ്യക്ഷനെ തീരുമാനിക്കുന്നത് നീണ്ട് പോയാല്‍ കോണ്‍ഗ്രസ് നാഥനില്ലാ കളരിയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ ഇടത് അനുകൂല സാഹചര്യത്തില്‍ പിഴവുകളില്ലാത്ത പാര്‍ട്ടി നീക്കങ്ങള്‍ക്ക് കരുത്ത് പകരാന്‍ കഴിവുള്ള ലീഡറെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ദേശീയ നേതൃത്വത്തിന് താല്‍പ്പര്യം. കെ.സി വേണുഗോപാല്‍ പ്രതിപക്ഷ നേതാവിനെ നിയമിക്കാന്‍ ഇടപെട്ടതിന് സമാനമായി ഇത്തവണ നീക്കങ്ങളൊന്നും നടത്തില്ലെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഇക്കാര്യത്തില്‍ അഭിപ്രായം രൂപീകരണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഗ്രൂപ്പ് പിന്തുണയില്ലാത്തത് കൊടിക്കുന്നിലിന് തിരിച്ചടിയാകും. മറുവശത്ത് കെ. സുധാകരന്റെ കാര്യത്തില്‍ അണികളില്‍ നിന്നുണ്ടാകുന്ന അമര്‍ഷം അവഗണിക്കാനും സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടി തയ്യാറാവുകയുള്ളു. നേരത്തെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കൃത്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് ചില സംസ്ഥാന നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. തോല്‍വിയുടെ ആഘാതം മാറും മുന്‍പ് സംഘടനയില്‍ മറ്റൊരു വെല്ലുവിളിയുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് രാഹുല്‍ ഗാന്ധി നേരിട്ട് നിര്‍ദേശിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്.

Next Story