2020 Year Ender Story

കൊവിഡ് 19: ജനകീയമാക്കിയ പുത്തൻ പത്ത് ആരോഗ്യപദങ്ങളും രണ്ട് കിടിലൻ ശീലങ്ങളും

‘വേണ്ടത് ഭയമല്ല ജാഗ്രതയാണ്, ബ്രേക്ക് ദി ചെയിൻ, ആരിൽ നിന്നും രോഗം പകരാം’, ഇതെല്ലാം കേരളത്തിന്റെ ആരോഗ്യവകുപ്പ് കൊറോണക്കാലത്തെ നേരിടാൻ പൊതുജനങ്ങളിലേക്ക് എത്തിച്ച ശക്തമായ സന്ദേശങ്ങളാണ്. ഒരു പരിധി വരെ രോഗത്തെ നേരിടാനും, പ്രതിരോധിക്കാനും ഇവയെല്ലാം സഹായിച്ചെങ്കിലും കൊറോണ ഓരോ വ്യക്തികൾക്കും സമൂഹത്തിനും ലോകത്തിനും വരുത്തിവെച്ച നഷ്ടം നികത്താവുന്നതല്ല.

എങ്കിലും തിരിഞ്ഞു നോക്കുമ്പോൾ കൊറോണ വളച്ചൊടിച്ച ഈ ലോകക്രമത്തിന് പകരമായി ചിലതൊക്കെ നൽകിയിട്ടുണ്ട് എന്നും പറയാതെ വയ്യ. കേൾക്കുമ്പോൾ അതെന്ത് എന്നൊക്കെ തോന്നിയേക്കാം..! പക്ഷെ അങ്ങനെയും ചിലതുണ്ട്..കഴിഞ്ഞ കുറേ മാസങ്ങളായി നമ്മൾ പോലുമറിയാതെ നിത്യജീവിതത്തിന്റെ ഭാഗമായി പോയ പുതിയ ചില ആരോഗ്യസംബന്ധിയായ വാക്കുകൾ, ശീലങ്ങൾ, ചിന്തകൾ.. വരൂ നമുക്കൊന്ന് കണ്ടുനോക്കാം.

ഐസൊലേഷനും ക്വാറന്റ്റൈനും

ആദ്യത്തെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട നാളുകളിൽ തന്നെ നമ്മൾ കേട്ടും,വായിച്ചും, ഉരുവിട്ടും ശീലമായ ആ വാക്കുകളിൽ പ്രധാനികൾ ഇവയെല്ലാമാണ്. രോഗബാധയുള്ളവർ പാലിക്കേണ്ട ഏകാന്തവാസത്തെ സൂചിപ്പിക്കുന്ന ഐസൊലേഷൻ, രോഗബാധയുള്ളവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർ പാലിക്കേണ്ട ക്വാറന്റ്റൈന്‍. കേൾക്കുമ്പോൾ സമാനാർത്ഥം തന്നെയെന്ന് തോന്നിപ്പിക്കുന്ന ഈ പദങ്ങൾ നമ്മളിൽ പലർക്കും ഒട്ടേറെ തവണ പരസ്പരം മാറിപോയിട്ടുണ്ടാകാം .

ലോക് ഡൌൺ

ഒരു പ്രദേശത്തെ സാധാരണ ജീവിതത്തെ നിശ്ചലമാക്കുന്ന ലോക് ഡൌൺ ആണ് പിന്നീട് ശീലിച്ച പുതിയ പദം. ലോകരാജ്യങ്ങൾ കൊറോണ വ്യാപനം പ്രതിരോധിക്കാൻ ആദ്യം തീർത്ത സുരക്ഷാ കവചമായിരുന്നു, തങ്ങളുടെ അതിർത്തികൾ അടച്ചുകൊണ്ടുള്ള, യാത്രാ വിലക്കുകൾ ഉൾപ്പെടുന്ന, സമയബന്ധിതമായ ജീവിത ചര്യകളെ പരിചയപ്പെടുത്തുന്ന ലോക് ഡൌൺ.

സോഷ്യൽ ഡിസ്റ്റൻസിംഗ്

സോഷ്യൽ ഡിസ്റ്റൻസിംഗ് എന്ന പുതുപുത്തൻ വാക്ക് ജനങ്ങളിൽ ആദ്യം അല്പം അമ്പരപ്പുണ്ടാക്കിയെങ്കിലും രോഗനിയന്ത്രണത്തിനുള്ള അംഗീകൃത മാർഗ്ഗങ്ങളിൽ ഒന്നായിരുന്നു സാമൂഹിക അകലം എന്ന ആ വാക്ക് . വ്യക്തികൾ തമ്മിലുള്ള ശാരീരിക അകലം നിർദ്ദേശാനുസരണം പാലിക്കുന്നതിലൂടെയും ആളുകളുമായി അടുത്ത ബന്ധം പുലർത്തുന്നതിന്റെ എണ്ണം കുറയ്ക്കുന്നതിലൂടെയും പകർച്ചവ്യാധി പടരാതിരിക്കാനുള്ള ഒരു സംവിധാനമാണ് ഇത്. ലോകാരോഗ്യ സംഘടന കൃത്യമായി പിന്തുടരാൻ അനുശാസിക്കുന്ന നിയമവും കൂടിയാണിത്.

പിപിഇ കിറ്റ്

പരിചരണ രംഗത്തുള്ളവർ ധരിക്കുന്ന പിപിഇ കിറ്റ് ആയിരുന്നു കൊവിഡുമായി ചേർന്ന് വാർത്തകളിലും ചിത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞ മറ്റൊരു വാക്ക്. ആതുരരംഗത്ത് പ്രവർത്തിക്കുന്നവരുടെ തന്നെ വാക്കുകളിലൂടെയും അനുഭവങ്ങളിലൂടെയും ആ പ്രത്യേക വസ്ത്രത്തിന്റെ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെക്കപ്പെട്ടതിലൂടെ പിപിഇ കിറ്റ് കൂടുതൽ ശ്രെദ്ധ നേടുകയായിരുന്നു.

കോൺടാക്ട് ട്രേസിങ്, ഹേർഡ് ഇമ്മ്യൂണിറ്റി, കണ്ടൈൻമെൻറ് സോൺ, ടെലി മെഡിസിൻ, സാനിറ്റൈസർ

പുറകെ രംഗപ്രവേശം ചെയ്ത അപരിചിതമായ വാക്കുകളിൽ ചിലതാണ് കോൺടാക്ട് ട്രേസിങ് അഥവാ സമ്പർക്ക പട്ടിക, ഹേർഡ് ഇമ്മ്യൂണിറ്റി അഥവാ സ്വാഭാവികമായി കൈ വരുന്ന രോഗ പ്രതിരോധ ശേഷി, കണ്ടൈൻമെൻറ് സോൺ, ടെലി മെഡിസിൻ, സാനിറ്റൈസർ തുടങ്ങിയവയെല്ലാം. ഇന്ന് ഈ വാക്കുകളിൽ ഏതെങ്കിലുമൊന്നിനെ പോലും നിത്യജീവിതത്തിൽ ഉപയോഗിക്കാത്തവർ കാണുമോ..?

മാസ്ക് എന്ന ശീലം

ഇനി കൊവിഡ് ശീലിപ്പിച്ച പുതു ജീവിത രീതികളിലേക്ക് കടക്കാം. കൊറോണ വൈറസ് ഒരു വായുജന്യ രോഗമാണെന്ന് കേട്ടുതുടങ്ങിയപ്പോഴും പിന്നീട് അതൊരു ‘ Droplet Infection ‘ ആണെന്ന് ഉറപ്പിക്കുമ്പോഴും നമ്മൾ മാറ്റാത്ത ഒരു ശീലമാണ് മുഖാവരണം അഥവാ ‘മാസ്ക്’. മാസ്ക് കൃത്യമായും ധരിക്കണമെന്ന് പറയുമ്പോഴേക്കും ആരോഗ്യ വിദഗ്ദർ ശുപാർശ ചെയ്യുന്ന ഒറ്റത്തവണ മാത്രം ധരിക്കേണ്ട സർജിക്കൽ മാസ്ക്, N 95 മാസ്ക്, ത്രീ ലെയർ മാസ്ക്, ഫേസ് ഷീൽഡ് തുടങ്ങിയവയും സൗന്ദര്യസങ്കൽപ്പങ്ങളുടെ ഭാഗമായ ഡിസൈനർ മാസ്ക്, കോൺ മാസ്ക്, മുഖത്തിന്റെ പാതി മറച്ചു തലയുടെ പിൻവശത്തു കെട്ടുന്ന ബാന്ദ്ന, തുണി കൊണ്ടുള്ള മാസ്കുകൾ, കഴുത്തിലൂടെ ധരിക്കുന്ന മൂക്കും വായും മൂടാവുന്ന നെക്ക് ഗെയ്ഷർ എന്ന് വേണ്ട വൈവിധ്യം കൊണ്ട് മാസ്കുകളും ഇന്നിന്റെ താരമായിരിക്കുന്നു. മാസ്കുകൾക്ക് മാത്രമായി പ്രത്യേക കൗണ്ടറുകളും മിക്ക വസ്ത്രവ്യാപാര ശാലകളും തുറന്നിട്ടുണ്ട് .

ഇനി മാസ്ക് ധരിക്കുന്നതു മൂലം നമ്മൾ പ്രതിരോധിക്കുന്നത് കൊവിഡിനെ തന്നെയല്ലെന്നും ഇതിനകം നമ്മളിൽ പലരും തിരിച്ചറിഞ്ഞു കാണും. പല തരം അലർജികൾ, പൊടിപടലം, ദുഷിച്ച വായു, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം ജീവിതം ദുസ്സഹമായി പോയവർക്ക് മാസ്ക് നൽകിയ ആശ്വാസം എത്രയെന്നു അവരോടു തന്നെ ചോദിക്കണം.

സാനിറ്റൈസർ എന്ന അനുഗ്രഹം

അത് പോലെ തന്നെ പ്രധാനമായ മറ്റൊന്നാണ് സാനിറ്റൈസറിന്റെ ഉപയോഗം. രോഗാണുസമ്പർക്കത്തെ മികച്ച രീതിയിൽ പ്രതിരോധിക്കുന്നത് വഴി ശുചിത്വമില്ലായമായ മൂലം ഉണ്ടാകുന്ന പലതരം അണുബാധകളെയും തടയാൻ സാനിറ്റൈസറിന്റെ ഉപയോഗം സഹായിക്കുന്നുണ്ട്.

ലോക്ക് ഡൌൺ നടപ്പിലാക്കുകയും സാമൂഹിക അകലപാലനം നിർബന്ധിതമാവുകയും ചെയ്തതോടെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നും ഉണ്ടാക്കുന്നതും ഭക്ഷ്യവിഷബാധ മൂലം ഉണ്ടാകുന്നതുമായ പല രോഗങ്ങളെയും ഒരു കൈയ്യകലത്തിൽ നിർത്താനും പറ്റിയിട്ടുണ്ടെന്നത് മറക്കാനാകില്ല. വെറുതെ പറയുന്നതല്ല മറിച്ചു ശ്വാസകോശ രോഗങ്ങൾ, അലർജികൾ, അണുബാധ കൊണ്ടുള്ള ഉദരസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവക്കൊക്കെ വേണ്ടിയുള്ള മരുന്നുകളുടെ ഉപയോഗം കുറഞ്ഞതായി റിപ്പോർട്ടുകൾ ചൂണ്ടി കാട്ടുന്നു.

പുതിയ വാക്കുകളും ശീലങ്ങളുമായി മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളാണ് നമ്മളിന്ന് പുലർത്തി പോരുന്നത്. അതുകൊണ്ടു തന്നെ അടുത്ത വർഷത്തേക്ക് മഹാമാരിയൊഴിഞ്ഞ സമാധാനപൂർണമായ മെച്ചപ്പെട്ട ജീവിത ക്രമത്തിലേക്ക് കടക്കാനാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Latest News