
മുംബൈ: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിപ്പിക്കുന്നതുപോലെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
കൊവിഡ് വാക്സിനേഷന് സര്ട്ടിഫിക്കേറ്റിലേതുപോലെ മരണ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ഫോട്ടോ വേണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. കൊവിഡ് വാക്സിന്റെ ക്രെഡിറ്റ് എടുക്കാന്‍ അവര്‍ക്ക് പറ്റുമെങ്കില്‍ കൊവിഡ് മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം.
നവാബ് മാലിക്
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം മരണ നിരക്കും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മരിച്ചവരെ ദഹിപ്പിക്കാന്‍ പോലും സ്ഥലവും സൗകര്യവുമില്ലാതെ ആളുകള്‍ കഷ്ടപ്പെടുന്ന വീഡിയോകള്‍ ദിനംപ്രതി വൈറലാവുന്നു. നിലവിലെ സാഹചര്യത്തിന് ഉത്തരവാദി കേന്ദ്രമാണെന്നും അതില്‍ നിന്ന് അവര്‍ക്ക് ഒളിച്ചോടാനാകില്ലെന്നും നവാബ് മാലിക് കൂട്ടിച്ചേര്‍ത്തു.
ഈ അടുത്ത ദിവസങ്ങളിലായി പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിതരായെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇന്നലെ മാത്രം രാജ്യത്തെ 2,61,500 പേരാണ് കൊവിഡ് ബാധിതരായത്. പ്രതിദിന കൊവിഡ് കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1501 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു.