പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം; പ്രേരണാകുറ്റത്തിന് യുട്യൂബര്‍ അറസ്റ്റില്‍
വിദ്യാര്‍ഥികളെ കലാപത്തിലേക്ക് നയിച്ച യൂട്യൂബര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി
1 Feb 2022 5:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മഹാരാഷ്ടയിലെ ധാരാവിയില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പ്രശസ്ത യുട്യൂബര്‍ ഹിന്ദുസ്ഥാനി ബാവു എന്ന വികാസ് ഫടക് അറസ്റ്റില്‍. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ഓഫ്ലൈന് പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വര്‍ഷാ ഗെയ്ക്ക് വാര്ദിന്റെ വസതിക്ക് മുന്പില് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ച സംഭവത്തിലാണ് യുട്യൂബര്‍ അറസ്റ്റിലായത്.
കൊവിഡ് പശ്ചാത്തലത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെടാന് യുട്യൂബറായ ഹിന്ദുസ്ഥാനി ബാബു വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. മന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കാനാണ് ഹിന്ദുസ്ഥാനി ബാവു വിദ്യാര്ത്ഥികളോടാവശ്യപ്പെട്ടത്. തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകുന്നേരം നൂറുകണക്കിന് വിദ്യാര്‍ഥികളാണ് അശോക്മില് നാഗയില്‍ തടിച്ചുകൂടിയത്. ഒടുവില്‍ വിദ്യാര്‍ഥികളെ തടയാന്‍ പൊലീസിന് ലാത്തിചാര്‍ജ് പ്രയോഗിക്കേണ്ടി വന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ക്ലാസ്സുകളില്‍ നടന്നത് ഓഫ്ലൈന് വഴിയാണെന്നും പരീക്ഷകളഴുതുന്നതും ഓഫ്ലൈന് മുഖേന മതിയെന്നുമാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്.
വിദ്യാര്‍ഥികളെ കലാപത്തിലേക്ക് നയിച്ച യൂട്യൂബര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.