Top

ഇതര സംസ്ഥാന തൊഴിലാളികളുടെ പേരില്‍ വ്യാജ പ്രചരണം; ബിഹാര്‍ യൂട്യൂബര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട മൂന്നാമത്തെ അറസ്റ്റാണിത്

18 March 2023 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതര സംസ്ഥാന തൊഴിലാളികളുടെ പേരില്‍ വ്യാജ പ്രചരണം; ബിഹാര്‍ യൂട്യൂബര്‍ അറസ്റ്റില്‍
X

പട്‌ന: തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയ കേസില്‍ ബിഹാര്‍ യൂട്യൂബര്‍ അറസ്റ്റില്‍. മനീഷ് കശ്യപ് എന്ന യൂട്യൂബറാണ് പിടിയിലായിരിക്കുന്നത്. വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചു എന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മനീഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. പ്രതിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് മനീഷ് സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മൂന്നാമത്തെ അറസ്റ്റാണിത്.

തമിഴ്‌നാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിക്കുന്നതായും കൊലപ്പെടുത്തുന്നതുമായ മുപ്പതോളം വ്യാജ വീജിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ തിരികെ പോകണമെന്ന് പറയുന്ന വീഡിയോകളും പ്രചരിച്ചിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് ഇതുവരെ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം തമിഴ്നാട്ടില്‍ ബിഹാര്‍ തൊഴിലാളികള്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ബിജെപി പ്രവര്‍ത്തകരാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരത്തിലുളള വ്യാജ പ്രചരണം തുടങ്ങിയതെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു.

STORY HIGHLIGHTS: YouTuber sharing fake videos of attacks on migrants in Tamil Nadu surrenders

Next Story