ഗുജറാത്ത് ഡോക്യുമെന്ററി; ഭരണകൂട വിലക്ക് ലംഘിച്ച് ദേശവ്യാപകമായി ജനങ്ങളെ കാണിക്കുമെന്ന് യൂത്ത് ലീഗ്
വംശഹത്യയെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപംകൊടുത്ത അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളും ഡോക്യുമെന്ററിയിലുണ്ടെന്നും ഫൈസല്‍ ബാബു പറഞ്ഞു.
24 Jan 2023 9:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയുടെ നേര് പറയുന്ന ബിബിസി ഡോക്യുമെന്ററി മുസ്ലിം യൂത്ത് ലീഗ് രാജ്യ വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു. നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദത്തെ സത്യപ്പെടുത്തുകയാണ് ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയെന്നും അദ്ദേഹം പറഞ്ഞു.
ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ബ്രിട്ടനില്‍ കഴിഞ്ഞയാഴ്ചയാണ് ബിബിസി സംപ്രേക്ഷണം ചെയ്തത്. ഇന്ത്യയില്‍ പക്ഷെ യൂട്യൂബില്‍ നിന്ന് ഭരണകൂടം ഇടപ്പെട്ട് നീക്കി. അത് കൊണ്ട് നേരിട്ട് ജനങ്ങളെ പരമാവധി കാണിക്കാനാണ് യൂത്ത് ലീഗ് പരിപാടി. ഭീകരമായ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ഇതുവരെ വെളിച്ചം കാണാത്ത രഹസ്യരേഖകള്‍ ഡോക്യുമെന്ററി പുറത്ത് കാണിക്കുന്നതാണ് ഫാഷിസ്റ്റുകളെ ഭയപ്പെടുത്തുന്നത്. കൊല്ലലും കൊള്ളയും സമം ചേര്‍ത്ത ഗുജറാത്ത് കലാപം, കൃത്യമായ വംശഹത്യയിലേക്ക് എത്തിയതെങ്ങനെയെന്ന വിവരണം കൂടിയാണിത്. വംശഹത്യയെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപംകൊടുത്ത അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളും ഡോക്യുമെന്ററിയിലുണ്ടെന്നും ഫൈസല്‍ ബാബു പറഞ്ഞു.
ഒരു കൊലയാളി ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന പരിഹാസ്യതയെ വിലക്കുകള്‍ മറികടന്ന് ലോകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ യൂത്ത് ലീഗ് പരമാവധി ശ്രമിക്കും. ഇതൊരു ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമായി തങ്ങള്‍ തിരിച്ചറിയുന്നുവെന്നും ഫൈസല്‍ ബാബു കൂട്ടിച്ചേര്‍ത്തു.
Story Highlights: YOUTH LEAGUE ABOUT BBC DOCUMENTARY