പശുക്കടത്ത് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയതായി കുടുംബം; മരണപ്പെട്ടത് റോഡപകടത്തിലെന്ന് പൊലീസ്
31 Jan 2023 9:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചണ്ഡീഗഡ്: പശുക്കടത്ത് ആരോപിച്ച് പശു സംരക്ഷകർ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതായി കുടുബത്തിന്റെ പരാതി. നൂഹ് ജില്ലയിലെ ഹുസൈൻപൂർ സ്വദേശിയായ വാരിസ് (22) ആണ് കൊല്ലപ്പെട്ടത്. എന്നാൽ യുവാവ് മരണപ്പെട്ടത് റോഡപകടത്തിലാണെന്നാണ് പൊലീസ് പറയുന്നത്.
ബജ്രംഗ്ദൾ നേതാവ് മോനുമനേസർ ഉൾപ്പെടെയുളള പ്രവത്തകർ ചേർന്ന് വാരിസിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസിന്റെ വാദത്തെ തളളിയ കുടുംബം ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കരളിനേറ്റ മൂർച്ചയേറിയ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഖോരി കലാൻ ഗ്രാമത്തിന് സമീപം ടൗരു-ഭിവാദി റോഡിലാണ് സംഭവം. വാരിസും സുഹൃത്തുക്കളായ നഫീസ്, ഷൗകീൻ എന്നിവരും സഞ്ചരിച്ച സാൻട്രോ കാർ ടെമ്പോയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാഹനത്തിൽ പശുവിനെ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ വാരിസിനെ മർദിക്കുകയും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് പരാതിയിൽ പറയുന്നത്. വാരിസ് ഒരു കാർ മെക്കാനിക്കാണെന്നും പശുക്കടത്തുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും കുടുംബം പറഞ്ഞു. മകനെയും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേരെയും മർദ്ദിക്കുന്ന വീഡിയോ ബജ്രംഗ്ദൾ പുറത്തുവിട്ടതായും കുടുംബം പറയുന്നു. വീട്ടുകാരുടെ മൊഴികൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: Youth dies in haryana, family claims he was killed by cow vigilantes
- TAGS:
- Haryana
- Police
- cow vigilantes