രണ്ടര ലക്ഷത്തിന്റെ ഒരു രൂപ നാണയങ്ങളുമായി ബൈക്ക് വാങ്ങാന്‍ യുവാവ്; എണ്ണി വിയര്‍ത്ത് ഷോറൂം ജീവനക്കാര്‍
നേരത്തെ തന്നെ ബൈക്ക് സ്വന്തമാക്കണം എന്ന മോഹം ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാമ്പത്തികം ഇല്ലായിരുന്നുവെന്ന് ഭൂപതി പറയുന്നു. തുടര്‍ന്നാണ് നാണയങ്ങള്‍ സ്വരൂക്കൂട്ടികൊണ്ടുള്ള സ്വപ്ന സാക്ഷാത്കാരം എന്ന ആശയത്തിലേക്ക് എത്തിയത്.
28 March 2022 10:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ: സ്വന്തമായി ഒരു ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹമുള്ളവരുടേയും അതിനായി പ്രയത്നിക്കുന്നവരേയും നാം കണ്ടിട്ടുണ്ട്. അതിനായി വ്യത്യസ്തമായ രീതിയില്‍ പണം സ്വരൂപിക്കുന്ന ഒരാളുടെ കഥയാണ് ഭൂപതിയുടേത്. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു രൂപ നാണയങ്ങള്‍ സ്വരുക്കൂട്ടി തമിഴ്നാട് സേലം സ്വദേശിയായ വി ഭൂപതി ഒരു ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്.
മൂന്ന് വര്‍ഷമായി സ്വരുക്കൂട്ടിയുണ്ടാക്കിയ ഒരു രൂപ നാണയങ്ങളുമായാണ് ഭൂപതി ബൈക്ക് വാങ്ങാനായി ഷോറൂമിലെത്തിയത്. 2.6 ലക്ഷം രൂപയുടെ ഒരു രൂപ നാണയങ്ങള്‍ കൈമാറിയാണ് ഭൂപതി ബജാജ് ഡോമിനര്‍ സ്വന്തമാക്കിയത്. ഈ നാണയങ്ങള്‍ എല്ലാം എണ്ണി തിട്ടപ്പെടുത്താന്‍ ഏകദേശം പത്ത് മണിക്കൂര്‍ സമയമെടുത്തെന്ന് ഭാരത് ഏജന്‍സിയുടെ മാനേജര്‍ മഹാവിക്രാന്ത് പറഞ്ഞു.
ബിസിഎ ബിരുദധാരിയാണ് ഭൂപതി. തനിക്ക് നേരത്തെ തന്നെ ബൈക്ക് സ്വന്തമാക്കണം എന്ന മോഹം ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാമ്പത്തികം ഇല്ലായിരുന്നുവെന്ന് ഭൂപതി പറയുന്നു. തുടര്‍ന്നാണ് നാണയങ്ങള്‍ സ്വരൂക്കൂട്ടികൊണ്ടുള്ള സ്വപ്ന സാക്ഷാത്കാരം എന്ന ആശയത്തിലേക്ക് എത്തിയതും അതുമായി മുന്നോട്ടു പോയത്. ഒടുവില്‍ തന്റെ ആഗ്രഹം ഫലം കണ്ടെന്ന സന്തോഷത്തിലാണ് ഭൂപതി.