ഇന്ദിര ഗാന്ധിയുടെ ജന്മവാർഷികം; ഭാരത് ജോഡോ യാത്ര ഇന്ന് വനിതകൾ നയിക്കും
എഐസിസി ആസ്ഥാനത്തും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്
19 Nov 2022 9:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 105-ാം ജന്മവാർഷികം പ്രമാണിച്ച് ഭാരത് ജോഡോ യാത്രയെ ഇന്ന് വനിതകൾ നയിക്കും. വനിത എംപിമാർ, എംഎൽഎമാർ, മഹിളാ കോൺഗ്രസ്, പോഷക സംഘടന ഭാരവാഹികൾ എന്നിവർ യാത്രയുടെ ഭാഗമാകും. ജന്മവാർഷികവുമായി ബന്ധപ്പെട്ട് ഇന്ദിര ഗാന്ധിയുടെ സമാധി സ്ഥലമായ ഡൽഹിയിലെ ശക്തിസ്ഥലിൽ പ്രാർത്ഥനയും അനുസ്മരണവും നടത്തും. എഐസിസി ആസ്ഥാനത്തും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.
വനിതകൾ മാത്രമായിരിക്കും യാത്രയിൽ പങ്കെടുക്കുക എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വെളളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ന് ഷിഗാവിൽ നിന്നാണ് യാത്ര ആരംഭിച്ചത്. നന്ദഡ് ജില്ലയിൽ നിന്നാണ് മഹാരാഷ്ട്രയിലെ ഭാരത് ജോഡോ യാത്രയുടെ തുടക്കം. അകോള, ബുൽധാന ജില്ലകളിലെ പര്യടനം പൂർത്തിയാക്കി ഭാരത് ജോഡോ യാത്ര ഞായറാഴ്ച മധ്യപ്രദേശിൽ പ്രവേശിക്കും.
അതേസമയം വിഡി സവർക്കറെ വിമർശിച്ചതിന് മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏക്നാഥ് ഷിൻഡെയുടെ ഗ്രൂപ്പ് ആണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. രാഹുലിന്റെ പരാമർശത്തോട് ഉദ്ദവ് താക്കറെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സഖ്യത്തെ ബാധിക്കും വിധം രാഹുലിന്റെ പരാമർശം വിവാദമാക്കേണ്ടെന്നാണ് മഹാരാഷ്ട്രയിലെ എൻസിപിയുടെ നിലപാട്. യാത്രയുടെ അവധി ദിവസമായ തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തുക. ഗുജറാത്തിലെ നാലോളം മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി പര്യടനം നടത്തും.
STORY HIGHLIGHTS: womens lead the bharat jodo yatra today due to indira gandhi's birth anniversary