Top

ഉത്തരാഖണ്ഡിൽ ബിജെപിക്ക് രണ്ടാമൂഴം ലഭിച്ചാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി

ഏകീകൃത സിവിൽ കോഡ് കാലത്തിന്റെ ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു

12 Feb 2022 9:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തരാഖണ്ഡിൽ ബിജെപിക്ക് രണ്ടാമൂഴം ലഭിച്ചാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി
X

ഉത്തരാഖണ്ഡിൽ ബിജെപി അധികാരം നിലനിർത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഇക്കാര്യത്തിൽ നിയമനിർമ്മാണ കമ്മിറ്റി ഉണ്ടാക്കുമെന്ന് ധാമി വ്യക്തമാക്കി. നിലവിൽ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ഫെബ്രുവരി 14നാണ് വോട്ടെടുപ്പ് നടക്കുന്നത്.

അധികാരത്തിൽ തിരിച്ചെത്തിയ ഉടനെ ഏകീകൃത സിവിൽ കോഡ് നിയമ നിർമ്മാണത്തിനായി സമിതിയെ നിയോഗിക്കും. വിവാഹം, വിവാഹമോചനം, ഭൂസ്വത്ത് നിയമങ്ങൾ എന്നിവ ആളുകളുടെ വിശ്വാസത്തിന് അനുസൃതമല്ലാതെ എല്ലാവർക്കും ഒരുപോലെ ബാധകമായ രീതിയിൽ നിയമ നിർമ്മാണം നടത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ ധാമി പറഞ്ഞത്.

സമിതിയിൽ നിയമവിദഗ്ധരും ബുദ്ധി ജീവികളും വിരമിച്ച ഉദ്യോഗസ്ഥരും ഉണ്ടാവും. സംസ്ഥാനത്തെ എല്ലാവർക്കും നിയമങ്ങൾ ഒരേ പോലെ ബാധകമാക്കും. സാമൂഹിക ഐക്യവും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഉത്തരാഖണ്ഡിൽ ബിജെപി തോൽവി മുന്നിൽ കാണുന്നു എന്നതിന്റെ സൂചനയാണ് ധാമിയുടെ വാക്കുകൾ എന്നതായിരുന്നു കോൺഗ്രസ് വക്താവ് കപിൽ സിബലിന്റെ പ്രതികരണം. രാജ്യത്ത് പലയിടങ്ങളിലായി ഹിജാബ് വിവാദം കത്തിനിൽക്കുമ്പോൾ സിവിൽ കോഡ് വീണ്ടും ചർച്ചാ വിഷയമാക്കുകയാണ് ബിജെപി. ഏകീകൃത സിവിൽ കോഡ് കാലത്തിന്റെ ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. സമാന ആവശ്യവുമായി ബിജെപി രാജ്യസഭാ എംപി വിനയ് സഹസ്രബുദ്ധേയും രംഗത്തെത്തിയിരുന്നു.

Next Story