Top

'മങ്കിപോക്സ് വ്യാപനം അപായ സൂചന'; വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യ പ്രാപ്തമെന്ന് ലോകാരോ​ഗ്യസംഘടന

വസൂരി തടയുന്നതിനായി ഉപയോ​ഗിച്ച വാകിസിൻ മങ്കിപോക്സ് തടയുന്നതിന് ഉപയോ​ഗിക്കാമെന്ന് ലോകാരോ​ഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നു.'

26 July 2022 6:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മങ്കിപോക്സ് വ്യാപനം അപായ സൂചന; വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യ പ്രാപ്തമെന്ന് ലോകാരോ​ഗ്യസംഘടന
X

ന്യൂഡൽഹി: മങ്കിപോക്സ് വ്യാപനം ലോകത്തിന് അപായ സൂചനയെന്ന് ലോകാരോ​ഗ്യസംഘടന. മങ്കിപോക്സ് വ്യാപനത്തില്‍ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് നൽകുന്നതെന്ന് ലോകാരോ​ഗ്യസംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ എൻഡിടിവിയോട് പറഞ്ഞു. 1979-1980 കാലങ്ങളിലായി വസൂരിക്കുളള വാക്സിനേഷൻ നിർത്തിവെച്ചിരുന്നു. ഇത് വൈറസ് വ്യാപനത്തിന് സഹായിച്ചിട്ടുണ്ടാകാമെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

'ഈ മങ്കിപോക്സ് രോ​ഗബാധ നമ്മളെ ജാ​ഗരൂ​കരായിരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഓർത്തോപോക്സ് ജനുസ്സിൽ പെട്ട വൈറസാണ് മങ്കിപോക്സിന് കാരണമായിട്ടുളളത്. 1980ലാണ് ഓർത്തോപോക്സ് വൈറസ് ലോകമാകെ വ്യാപിച്ചത്. വസൂരി തടയുന്നതിനായി ഉപയോ​ഗിച്ച വാകിസിൻ മങ്കിപോക്സ് തടയുന്നതിന് ഉപയോ​ഗിക്കാമെന്ന് ലോകാരോ​ഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നു.'

വസൂരിക്കെതിരെയുള്ള വാക്‌സിനുകള്‍ മങ്കിപോക്‌സിനെതിരെ ഫലപ്രദമാണെങ്കിലും കൂടുതല്‍ പഠനം ഈ വിഷയത്തില്‍ ആവശ്യമാണെന്ന് സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. പുതിയ വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിൽ ഒരെണ്ണം മങ്കിപോക്സ് പ്രതിരോധത്തിനായി അംഗീകരിച്ചിട്ടുണ്ട്.

വസൂരിക്കുളള വാക്സിൻ മങ്കിപോക്സിനെ പ്രതിരോധിക്കാനായി ഉപയോ​ഗിക്കാമെന്ന് നിരവധി ലാബ് പരിശോധനകളിൽ തെളിഞ്ഞതായും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. വസൂരി വാക്സിന്റെ ലഭ്യത കുറവാണ്. നമ്മുടെ പക്കലുളളത് രണ്ടു, മൂന്ന് തലമുറകളിൽ പെട്ട വാക്സിനുകളാണ്. മങ്കിപോക്‌സ് പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഉപയോഗിക്കാനായി രാജ്യങ്ങള്‍ അവ പൂഴ്ത്തിവെച്ചേക്കാമെന്നും അവർ പറഞ്ഞു.

ഡെൻമാർക്ക് ആസ്ഥാനമായുളള ബവറിയാൻ നോർഡിക് എന്ന കമ്പനി മങ്കിപോക്സിനെ പ്രതിരോധിക്കാനായി ഒരു വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇത് സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. വാക്‌സിന്റെ സ്റ്റോക്കിനെ കുറിച്ച് അടിയന്തരമായി നമുക്ക് കണക്കുകള്‍ കിട്ടേണ്ടതുണ്ടെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യൻ ഫാർമ കമ്പനികൾക്ക് വസൂരി വാക്സിനുകൾ നിർമ്മിക്കുന്നതിനും, കുപ്പികളിലാക്കുന്നതിലും, വിതരണം ചെയ്യുന്നതിലും അവസരം നൽകിയാൽ വാക്സിനുകൾ ലഭ്യമാകുമെന്നും ഡോ.സ്വാമിനാഥൻ പറഞ്ഞു. വാക്സിൻ നിർമ്മാണത്തിന് ഇന്ത്യ പ്രാപ്തമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ മുഖ്യപങ്കാളിത്തം വഹിക്കാനാവും. കൊവിഡ് വൈറസും മങ്കിപോക്സും തികച്ചും വ്യത്യസ്തമാണ്. കൊവിഡിനോളം വ്യാപന ശേഷി മങ്കിപോക്സിനില്ലെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: WHO Says India is Capable of Monkeypox Vaccine Production

Next Story