ദന്ത ഡോക്ടറിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്, കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്; ആരാണ് ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി മണിക് സാഹ
14 May 2022 2:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഗർത്തല: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന മണിക് സാഹ ചുമതലയേൽക്കുമെന്നാണ് വിവരങ്ങൾ. മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ രാജിക്ക് പിന്നാലെ മണിക് സാഹയെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്.
2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നിലനിർത്തുന്നതിനാണ് മണിക് സാഹയെ കളത്തിലിറക്കിയതിന് കാരണമെന്നാണ് വിലയിരുത്തല്‍.
ഡെന്റല്‍ ഡോക്ടറായിരുന്ന മണിക് സാഹ 2016ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2020ല്‍ ബിജെപി ത്രിപുര അധ്യക്ഷനായി ചുമതലയേറ്റു. രാജ്യസഭാ എംപി സ്ഥാനവും വഹിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുരയില്‍ നിന്നുള്ള ആദ്യ ബിജെപി രാജ്യസഭ അംഗമാണ് മണിക് സാഹ.
നിലവിൽ ബിജെപിയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചുതലയും മണിക് സാഹ നിർവ്വഹിക്കുന്നുണ്ട്. 25 വർഷത്തെ സിപിഐഎം ഭരണത്തിനാണ് 2018ൽ ബിജെപി തടയിട്ടത്. ത്രിപുരയിലെ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് മണിക് സാഹ. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ത്രിപുരയിലെ ഹപാനിയ മെഡിക്കൽ കോളേജിൽ പ്രൊഫസറായും മണിക് സാഹ ജോലി ചെയ്തിട്ടുണ്ട്.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.) എംഎൽഎമാരും സാഹക്ക് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹം തന്റെ എതിരാളിയായ ഭാനു ലാൽ സാഹയെ തെരഞ്ഞെടുപ്പിൽ ബഹുദൂരം പിന്നിലാക്കിയിരുന്നു.
2018ൽ മണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിന്റെ 25 വർഷത്തെ നീണ്ട ഭരണം ബിജെപി അവസാനിപ്പിച്ചത്. ആ തെരഞ്ഞെടുപ്പിൽ ബിജെപി 36 സീറ്റുകൾ നേടിയിരുന്നു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളിയാവാൻ സാധ്യതയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും സന്ദർശിച്ചതിന് പിന്നാലെയാണ് ബിപ്ലബ് കുമാർ ദേബ് രാജി സമർപ്പിച്ചത്. സംസ്ഥാനത്തെ ക്രമസമാധന നില തകർന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി രാജി വെക്കണമെന്ന് കോൺഗ്രസ് തുടർച്ചയായി ആവശ്യമുന്നയിച്ചിരുന്നു. ബിപ്ലബ് കുമാർ ദേബിന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബിജെപി എംഎൽഎമാർ കഴിഞ്ഞ വർഷം ഡൽഹിയിലെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ട് എംഎൽഎമാർ സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.
പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞടുക്കുന്നതിന് വേണ്ടി കേന്ദ്ര നിരീക്ഷകരായി കേന്ദ്ര മന്ത്രി ഭുപീന്ദർ യാദവിനേയും ജനറൽ സെക്രട്ടറി വിനോദ് താവ്ഡയേയും നിയോഗിച്ചിട്ടുണ്ട്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി മുഖ്യമന്ത്രിയെ മാറ്റിയത്.
STORY HIGHLIGHTS: Who is Manik Saha, the new Chief Minister of Tripura